ജാതി-മത വര്‍ഗീയതയ്ക്കെതിരെ നേരുപറഞ്ഞ് 'നിഴല്‍ക്കൂത്ത്'
Posted on: 02 Sep 2015
ഉദിനൂര്‍: ജാതി-മത വര്‍ഗീയത സമൂഹത്തെയാകെ ഗ്രസിക്കുന്ന പുതിയകാലത്തെ നേരിന്റെ നേര്‍ക്കാഴ്ചയായി 'നിഴല്‍ക്കൂത്ത്' നാടകം ഒരുങ്ങി. ഉദിനൂര്‍ ജ്വാല തിയറ്റേഴ്സാണ് നാടകം അരങ്ങിലെത്തിക്കുന്നത്.
അധികാരവും പണവും കായികബലവും കൊണ്ട് സമൂഹത്തെയാകെ വരുതിയിലാക്കാമെന്ന ഒരുവിഭാഗത്തിന്റെ ധാരണയ്ക്കെതിരെയാണ് നാടകം ശക്തമായി പ്രതികരിക്കുന്നത്. അക്രമം, അനീതി തുടങ്ങിയ സമൂഹിക വിപത്തുകള്‍ക്കെതിരെ തൂലിക ചലിപ്പിച്ച എഴുത്തുകാര്‍ക്കും കലാരന്മാര്ക്കുമെതിരെ ആയുധങ്ങളുമായി ചാടിവീഴുന്ന വര്‍ത്തമാനകാല യാഥാര്‍ഥ്യത്തെ നാടകം തുറന്നുകാട്ടുന്നു.
കുന്നുംപുറമെന്ന ഗ്രാമത്തിലെ ഉത്സവവും അനുബന്ധമായി സംഘടിപ്പിക്കുന്ന നാടകത്തിന്റെ പരിശീലന ക്യാമ്പുമാണ് 'നിഴല്‍ക്കൂത്ത്' നാടകമായി മാറുന്നത്. നാടകത്തിനുള്ളിലെ നാടകത്തില്‍ ജന്മി നാടുവാഴിത്തകാലത്തുണ്ടായ ഒരു കൊലപാതകം ആവിഷ്കരിക്കപ്പെടുന്നു. ജന്മിയുടെ ആജ്ഞപ്രകാരം ജന്മിയുടെ ഗുണ്ട അമ്പു വെളിച്ചപ്പാടിനെ കൊലപ്പെടുത്തുന്നു. ഈ നാടകം അവതരിപ്പിച്ചാല്‍ നാട്ടില്‍ വര്‍ഗീയകലാപം ഉണ്ടാകുമെന്ന പ്രചാരണം വരുന്നു.
നാടകം അവതരിപ്പിക്കാന്‍ കഴിയാതെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്ന അംഗം സുരേന്ദ്രന് ചോദ്യചിഹ്നമായി മാറുന്നു. കലാ സാഹിത്യ സാംസ്കാരിക പ്രവര്‍ത്തനം സംഘര്ഷങ്ങളുണ്ടാക്കാനല്ലെന്നും കലയും സാഹിത്യവുമുള്ളയിടങ്ങളില് സംസ്കാരമുണ്ടാകുമെന്നും നാടകം പറഞ്ഞുവെയ്ക്കുന്നു.
തെരുവിന്റെയും വേദിയുടെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് നാടകം രൂപപ്പെടുത്തിയത്. പി.വി.മഹേഷ്കുമാറിന്റെ രചനയില്‍ വിജിന്‍ദാസ് കിനാത്തില്‍ നാടകം രംഗത്തെത്തിക്കുന്നു. പി.പി.ജയനാണ് സംഗീതനിയന്ത്രണം. പി.പി.സത്യനാഥന്, ടി.വി.സുധീര്‍കുമാര്‍, പി.വി.മഹേഷ്കുമാര്‍, രാഹുല്‍ കെ.റാം, കേശവന്, കൃഷ്ണപ്രസാദ്, മിഥുന്, വിപിന്‍, സനൂപ്, നിധീഷ്, ആദര്‍ശ്, ആശിഷ്, അരവിന്ദന് എന്നിവര്‍ വേഷമിടുന്നു.