വരുന്നു, മാണിക്കോത്ത് കാരുണ്യഭവന ഗ്രാമം
Posted on: 02 Sep 2015
കാഞ്ഞങ്ങാട്: അരപ്പട്ടിണിയും ചിലപ്പോള്‍ മുഴുപ്പട്ടിണിയുമായി കഴിയുന്നവര്‍. ഓരോദിവസവും തള്ളിനിക്കേണ്ടതെങ്ങനെയെന്ന് വിലപിക്കുന്നവര്‍. സങ്കടത്തിന്റെ കണ്ണീര്ച്ചാല് മറ്റാരും കാണാതെ പൊത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ എങ്ങനെയാണ് സ്വന്തമായി ഒരുവീട് വേണമെന്ന് ചിന്തിക്കാനാകുക. എന്നാല്‍, അവരുടെ കണ്ണീരൊപ്പാനും വീടുവെച്ചുനല്കാനുമായി ഇവിടെ ഒരുകൂട്ടം ചെറുപ്പക്കാര്‍ മുന്നോട്ടുവന്നു.
മുസ്ലിം യൂത്ത് ലീഗിന്റെ മാണിക്കോത്ത് ശാഖാ കമ്മിറ്റിയാണ് ഇത്തരമൊരു ദൗത്യമേറ്റെടുത്തിരിക്കുന്നത്.
മാണിക്കോത്തെ പഴയ പോസ്റ്റോഫീസിനു സമീപത്തായി 40 സെന്റ് സ്ഥലം വാങ്ങി. ബൈത്തുറഹ്മ വില്ലേജ് എന്ന പേരില്‍ തുടങ്ങുന്ന പദ്ധതിയുടെ ആദ്യഘട്ട എസ്റ്റിമേറ്റ് ഒന്നരക്കോടി രൂപയാണ്. എസ്റ്റിമേറ്റ് തയ്യാറാക്കി വീടുവയ്ക്കാനുള്ള നടപടി തുടങ്ങി. ആദ്യഘട്ടത്തില്‍ 12 നിര്‍ധനകുടുംബങ്ങള്‍ക്കാണ് വീടു നല്‍കുക. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ നിര്‍ധനരായവരെ കണ്ടെത്തി വീടുവെച്ചുനല്കുമെന്ന് യൂത്ത് ലീഗുകാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതിയുടെ നടത്തിപ്പിനായി 501 അംഗ നിര്മാണക്കമ്മിറ്റിയും രൂപവത്കരിച്ചു. ഷംസുദ്ദീന് മാണിക്കോത്ത്, ഹാഷിം കുക്കൂത്തില്, ഇംതിയാസ് ബടക്കന്‍, എം.പി.നൗഷാദ്, മാണിക്കോത്ത് അബൂബക്കര്‍, സഫീര്‍ ബാടോത്ത്, സി.എന്‍.സലാം, യു.വി.ഷഫീഖ്, ജാസിര്‍ മാണിക്കോത്ത്, ഷാനവാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.