ആതുരശുശ്രൂഷ ഡോ. കൃഷ്ണന് ഗുരുക്കള്‍ക്ക് പൊതുസേവനം
Posted on: 01 Sep 2015
ചെറുവത്തൂര്‍: ഗ്രാമീണര്‍ക്കിടയില്‍ സേവനമനുഷ്ഠിക്കുകയും വിശാലമായ ലോകത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്ത് സാധാരണക്കാരുടെ മനസ്സില്‍ ഇടംനേടിയ ഡോക്ടറും കവിയുമായിരുന്നു കഴിഞ്ഞദിവസം ചെറുവത്തൂരില്‍ അന്തരിച്ച ഡോ. പി.എം.കൃഷ്ണന് ഗുരുക്കളെന്ന നാട്ടുകാരുടെ ചോയി ഡോക്ടര്‍.
1959 മുതല്‍ 19 വര്‍ഷം ലയണ്‍സ്, റോട്ടറി ക്ലബ്ബുകളുടെ സഹകരണത്തോടെ തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ സംഘടിപ്പിച്ച സൗജന്യ ചികിത്സാ ക്യാമ്പുകളില്‍ ഡോ. ഗുരുക്കള്‍ സക്രിയനായിരുന്നു. തെന്നിന്ത്യയിലെ നേത്രചികിത്സായാത്രയ്ക്കിടയില് മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ക്കുപുറമെ കന്നട, തമിഴ്, തുളു, മറാഠി, തെലുങ്ക് എന്നിവയും സ്വായത്തമാക്കി.
1968 മുതല്‍ ചെറുവത്തൂരില്‍ ക്ലിനിക്ക് സ്ഥാപിച്ച് വര്‍ഷത്തില്‍ മൂന്നുനാലുമാസം വൈദ്യവൃത്തിയും നടത്തി. കാസര്‍കോടുമുതല്‍ കൊല്ലം ജില്ലവരെ സൗജന്യ പരിശോധനാക്യാമ്പുകളില് ഡോ. ഗുരുക്കള്‍ സേവനം ചെയ്തു. 1985 വരെ ഇത് തുടര്‍ന്നു. ശിഷ്ടകാലം ചെറുവത്തൂരിലെ ഗ്രാമീണര്‍ക്കായി നീക്കിവെച്ചു.
ഒരേസമയം ആയുര്‍വേദത്തെയും അലോപ്പതിയെയും കൊണ്ടുനടന്ന നേത്രരോഗചികിത്സകന് വെറുതെ കളയാന്‍ സമയമുണ്ടായിരുന്നില്ല. കിട്ടുന്ന നേരത്തെല്ലാം അദ്ദേഹം കുറിച്ചിട്ടു. അതെല്ലാം ജീവിതഗന്ധിയായ മനോഹര കവിതകളായിരുന്നു. കവിതയും ആതുരസേവനവും അദ്ദേഹം ഒരുപോലെ കൊണ്ടുപോയി. മണിമാല, കൂപ്പുകൈ, തീര്‍ഥയാത്ര, ദിവ്യസംഗമം തുടങ്ങി പ്രകാശിതവും അപ്രകാശിതവുമായ ഒട്ടനവധി രചനകള്‍ ഡോ. കൃഷ്ണന് ഗുരുക്കളുടേതായുണ്ട്.
പി.വി.കെ.നെടുങ്ങാടിയുടെ 'ദേശമിത്ര'ത്തില്‍ കവിത എഴുതിത്തുടങ്ങിയ ഡോ. കൃഷ്ണന് ഗുരുക്കള്‍ മലയാള സാഹിത്യത്തില്‍ ചിരപ്രതിഷ്ഠനേടിയ സുകുമാര്‍ അഴിക്കോട്, ഒ.എന്‍.വി. തുടങ്ങിവരുമായെല്ലാം ചങ്ങാത്തം സൂക്ഷിച്ചിരുന്നു. മലയാളത്തിലെ ഏതാണ്ട് എല്ലാ എഴുത്തുകാരുമായും എഴുത്തുകുത്തുകളിലൂടെ സൗഹൃദം നിലനിര്‍ത്തി. സി.ഗോവിന്ദകുറുപ്പ്, കുട്ടമത്ത് എ.ശ്രീധരന് തുടങ്ങി ചെറുവത്തൂരിലെയും പരിസരപ്രദേശങ്ങളിലെയും എഴുത്തുകാരുടെ സംഗമവേദികൂടിയായിരുന്നു ഡോക്ടറുടെ വീട്. ഇവിടെ സാഹിത്യവേദിയും പ്രവര്‍ത്തിച്ചു.
കൃഷ്ണന് ഗുരുക്കളുടെ വിയോഗവിവരമറിഞ്ഞ് നാനാതുറകളില്‍നിന്ന് നിരവധിയാളുകള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ ചെറുവത്തൂര്‍ കുട്ടമത്തെ ജ്യോതി ക്ലിനിക്കിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.