മുഹമ്മദ് ആസിഫ് വധം: അഞ്ചുപേര്‍ക്കെതിരെ കേസ്‌

Posted on: 01 Sep 2015മഞ്ചേശ്വരം: പൈവളിഗെ ബായിക്കട്ട ലക്ഷംവീട് കോളനിയിലെ മുഹമ്മദ് ആസിഫി (39)നെ വെട്ടിക്കൊന്ന കേസില്‍ അഞ്ചുപേര്‍ക്കെതിരെ വിട്ട്!ല പോലീസ് കേസെടുത്തു. നാപ്പട്ട റഫീഖ്, സിയ, അമ്മി, മടിക്കേരിയിലെ ഷൗക്കത്ത്, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആസിഫിനെയും സുഹൃത്ത് മുഹമ്മദ് റിയാസിനെയും ഞായറാഴ്ച വൈകിട്ടാണ് കാറിലെത്തിയ സംഘം കന്യാന ടൗണില്‍വെച്ച് ആക്രമിച്ചത്. ആസിഫ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ റിയാസ് പുത്തൂരിലെ ആസ്​പത്രിയില്‍ ചികിത്സയിലാണ്. കൊലപാതകത്തിനുശേഷം പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു. കൊല്ലപ്പെട്ട മുഹമ്മദ് ആസിഫിനെതിരെ പിടിച്ചുപറിക്കും വധശ്രമത്തിനും കേസുകള്‍ നിലവിലുണ്ട്.

More Citizen News - Kasargod