മെഹബൂബെ മില്ലത്തിന്റെസഹായം; അഞ്ച് യുവതികള്‍ക്ക് മാംഗല്യം
Posted on: 01 Sep 2015
കാഞ്ഞങ്ങാട്: നിര്‍ധനകുടുംബത്തിലെ അഞ്ച് യുവതികളെ പുതുജീവിതത്തിലേക്ക് കൈപിച്ച് കയറ്റിയപ്പോള്‍ അത് നന്മയുടെ വിളംബരമായിമാറി. പടന്നക്കാട് മെഹബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റാണ് വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കി ഈ മംഗളകര്‍മത്തിന് വേദിയൊരുക്കിയത്.
ട്രസ്റ്റിന്റെ ആദ്യ സംരംഭമായിരുന്നു മഹര്‍-15 സമൂഹവിവാഹം. പഴയകടപ്പുറത്തെ അഷ്റഫ്, മീനാപ്പീസ് കടപ്പുറത്തെ സാജിത, അരിയിയിലെ മുഹമ്മദ് ഷാഫി, പടന്നക്കാട്ടെ സുമയ്യ, പടന്നക്കാട്ടെ മുഹമ്മദലി, പേരോലിയെ സെറീന എന്നിവരാണ് വേദിയില്‍ വിവാഹിതരായത്. കണിച്ചിറയിലെ ആശ, കളൂരിലെ സജിത് എന്നിവരുടെ വിവാഹം കഴിഞ്ഞദിവസം നടന്നിരുന്നു. ഇവരും വേദിയിലെത്തി. ഒരാളുടെ വിവാഹം പിന്നീട് നടക്കും.
വിവാഹച്ചടങ്ങുകള്‍ക്ക് കാന്തപുരം എ.പി.അബൂബക്കര്‍! മുസ്ലിയാര്, നീലേശ്വരം ഖാസി ഇ.കെ.മുഹമ്മദ് മുസ്ലിയാര് എന്നിവര്‍ നേതൃത്വംനല്കി. ചടങ്ങ് കര്‍ണാടക മന്ത്രി യു.ടി.ഖാദര്‍ ഉദ്ഘാടനംചെയ്തു. ഐ.എന്‍.എല്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.അബ്ദുള്‍ വഹാബ് അധ്യക്ഷത വഹിച്ചു.
പി.കരുണാകരന് എം.പി., ഇ.ചന്ദ്രശേഖരന് എം.എല്‍.എ., സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.സതീഷ് ചന്ദ്രന്, ഐ.എന്‍.എല്‍. സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ് തുടങ്ങി ഒട്ടേറെ പേര് ചടങ്ങില്‍ സംബന്ധിച്ചു.