കാസര്‍കോടിന്റെ പൈതൃകം ഭാഷാ-മത സൗഹാര്‍ദത്തില്‍ അടിയുറച്ചതെന്ന് ഗവേഷകര്‍

Posted on: 01 Sep 2015കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ ചരിത്രവും സംസ്‌കാരവും മതസൗഹാര്‍ദത്തിലും ഭാഷാപരമായ സഹവര്‍ത്തിത്വത്തിലും അടിയുറച്ചതാണെന്ന് ചരിത്ര, ഭാഷാ പണ്ഡിതര്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. 36 സമുദായങ്ങളുടെ മാതൃഭാഷയായ തുളുവും ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉറൂസുകളിലും ഇന്നും പിന്തുടരുന്ന മതസൗഹാര്‍ദ അടയാളങ്ങളും ഈ പൈതൃകത്തിന്റെ ശ്രേഷ്ഠമായ തെളിവുകളാണ്. കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ തുളുഭാഷയും സംസ്‌കാരവും, മതസൗഹാര്‍ദ പ്രതീകങ്ങള്‍ കണ്ടെത്തലും സംരക്ഷിക്കലും എന്നീ വാര്‍ഷികപദ്ധതികളുടെ നിര്‍വഹണത്തിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഈ പഠനങ്ങളുള്‍പ്പെട്ട പുസ്തകങ്ങള്‍ സപ്തംബര്‍ നാലിന് കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ പ്രകാശനംചെയ്യും.
'കാസര്‍കോട് തുളുഭാഷയും സംസ്‌കാരവും' എന്ന പുസ്തകത്തിന്റെ കന്നട, മലയാളം പ്രതികള്‍ കേന്ദ്ര നിയമമന്ത്രി ഡി.വി.സദാനന്ദ ഗൗഡയും 'കാസര്‍കോട് മതസൗഹാര്‍ദത്തിന്റെ അടയാളങ്ങള്‍' എന്ന ഗ്രന്ഥം കൃഷിമന്ത്രി കെ.പി.മോഹനനുമാണ് പ്രകാശനംചെയ്യുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി പറഞ്ഞു. സപ്തഭാഷാസംഗമഭൂമിയായ കാസര്‍കോടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഷകളിലൊന്നാണ് തുളു. തുളുവിന്റെ സംസ്‌കാരത്തെയും ലിപിയെയുംകുറിച്ച് സമഗ്രമായി പൊതുസമൂഹം ഇതുവരെ പഠനവിധേയമാക്കിയിരുന്നില്ലെന്ന് പ്രോജക്ട് അക്കാദമികവിഭാഗം ചെയര്‍മാന്‍ ഡോ. സി.ബാലന്‍ പറഞ്ഞു. ജില്ലയില്‍ 36 സമുദായങ്ങളുടെ മാതൃഭാഷയാണ് തുളു. എങ്കിലും ഗോത്രവിഭാഗത്തിന്റെ ഭാഷയായിട്ടാണ് പൊതുസമൂഹം തുളുവിനെ ജില്ലയില്‍ കണക്കാക്കിയിരുന്നത്. തുളുനാടിന്റെ പ്രധാനഭാഗമാണ് കാസര്‍കോട്. തുളുഭാഷ ഈ നാടിന് നല്കിയിട്ടുള്ള സംഭാവനകള്‍ വളരെവലുതാണ്. ജില്ലയില്‍ മലയാളം കഴിഞ്ഞാല്‍ ഏറ്റവുംകൂടുതല്‍ ആളുകള്‍ സംസാരിക്കുന്നത് തുളുവിലാണ്. വീട്ടില്‍ തുളു സംസാരിക്കുന്നവര്‍ പുറത്ത് കന്നടയാണ് സംസാരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. തുളുഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തെ സാധൂകരിക്കുകയും ത്വരപ്പെടുത്തുകയും ചെയ്യുന്ന കണ്ടെത്തലുകളാണിവയെന്ന് ഡോ. സി.ബാലന്‍ പറഞ്ഞു.
തുളു ലിപിയും സാഹിത്യവും സംസ്‌കാരവും മറഞ്ഞുപോയതാണ.് അതിന്റെ വീണ്ടെടുപ്പിനുള്ള ശക്തമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പ്രോജക്ട്.
കാസര്‍കോടിന്റെ ചരിത്രവും സാംസ്‌കാരികപൈതൃകവും മതസൗഹാര്‍ദത്തിലും വിവിധ മതവിഭാഗങ്ങള്‍തമ്മിലുള്ള സാംസ്‌കാരികസമന്വയത്തിലും അധിഷ്ഠിതമാണെന്ന് ഡോ. സി.ബാലന്‍ പറഞ്ഞു. മതപരമായ സംഘര്‍ഷം കാസര്‍കോടിന്റെ പൈതൃകത്തില്‍ കാണാന്‍കഴിയില്ല. മറ്റ് മതവിഭാഗങ്ങള്‍തമ്മില്‍ നിലനിന്നിരുന്ന സാഹോദര്യവും സൗഹൃദവുമാണ് ഇവിടത്തെ പൈതൃകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. സാമൂഹികനവീകരണ പ്രക്രിയയിലൂടെ കാസര്‍കോട് ആര്‍ജിച്ചെടുത്തതാണിത്. ജീവസന്ധാരണത്തിനായി സഹകരിച്ചും സഹവര്‍ത്തിച്ചും പുലര്‍ന്നുവന്ന മതസൗഹാര്‍ദം ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉറൂസുകളിലുമെല്ലാം പിന്നീട് പ്രകടമായി. അത് ഇന്നും കോട്ടംവരാതെ തുടരുന്നു. സാഹോദര്യവും സൗഹൃദവുമുയര്‍ത്തിപ്പിടിക്കുന്ന പൈതൃകസ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ജില്ലാ പഞ്ചായത്തിന് പരിപാടിയുണ്ട്.

More Citizen News - Kasargod