ബസ്സ്റ്റാന്‍ഡ് കെട്ടിടത്തില്‍ വൃക്ഷത്തൈകള്‍ മുളച്ചത് നഗരസഭ അറിഞ്ഞില്ല
Posted on: 31 Aug 2015
നീലേശ്വരം: നഗരസഭ ബസ്സ്റ്റാന്‍ഡ് കെട്ടിത്തിന് മുകളില്‍ ആലും അരയാലും വളര്‍ന്നുവരുന്നത് നഗരസഭ അറിഞ്ഞില്ല. ബസ്സ്റ്റാന്‍ഡിന്റെ ഇരു പ്രവേശനകവാടങ്ങളിലും യാത്രക്കാരെ സ്വാഗതംചെയ്ത് കെട്ടിടത്തിന്റെ ഒന്നാംനിലയുടെ കോണ്‍ക്രീറ്റിന് മുകളിലാണ് വൃക്ഷത്തൈകള്‍ മുളച്ച് പൊന്തുന്നത്.
ബസ്സുകള്‍ പുറത്തേക്കിറങ്ങുന്ന കവാടത്തില്‍ നേരത്തെ വലിയൊരു ആല്‍മരം മുളച്ചുപൊന്തിയിരുന്നെങ്കിലും പിന്നീട് കൊമ്പുകള്‍ മുറിച്ചുമാറ്റുകയായിരുന്നു. അതേ ചെടിയില്നിന്നുതന്നെയാണ് ഇപ്പോള്‍ വീണ്ടും മുളച്ചുവന്നിരിക്കുന്നത്. ആലും അരയാലും വളര്‍ന്ന് വേരുകള്‍ കെട്ടിടത്തിലേക്ക് പടര്‍ന്നിട്ടും നഗരസഭ കാര്യമാക്കിയിട്ടില്ല. 40 വര്‍ഷം മുമ്പ് നിര്‍മിച്ച നഗരസഭാ കെട്ടിടം കാലപ്പഴക്കം കാരണം അപകടനിലയിലാണ്. ബസ് കാത്ത്നില്‍ക്കുന്ന യാത്രക്കാരുടെ മുകളിലേക്ക് പലവട്ടം കോണ്‍ക്രീറ്റ് അടര്‍ന്നുവീണിട്ടുണ്ട്. നാല് പതിറ്റാണ്ടിനിടയില്‍ ഒരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. കെട്ടിടത്തിന്റെ രണ്ട് അരികില്‍ ഉണ്ടായിരുന്ന കക്കൂസുകള്‍ പൊളിച്ചുമാറ്റി ഗോഡൗണ്‍ ആക്കി വരുമാനം വര്‍ധിപ്പിച്ച നഗരസഭ യാത്രക്കാരുടെ പ്രാഥമിക ആവശ്യത്തിന് ഒരു സൗകര്യവും ഈ കെട്ടിടത്തില്‍ ഒരുക്കിയിട്ടില്ല. കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസും മൈനര്‍ ഇറിഗേഷന്‍ ഓഫീസും കെട്ടിടത്തിന്റെ ചോര്‍ച്ചയും ശോച്യാവസ്ഥയും കാരണം ഇവിടം ഒഴിഞ്ഞുപോയി. കെട്ടിടത്തിന്റെ ചേര്‍ച്ച കാരണം മുകളില്‍ ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ട് ഹാള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ കെട്ടിടം ചോര്‍ന്നൊലിക്കുകയാണ് വൈദ്യുത വയറുകള്‍ ഭൂരിഭാഗവും നശിച്ച നിലയിലാണ്. കെട്ടിടത്തിലെ വൈദ്യുതവിളക്കുകള്‍ പലതും പൂര്‍ണമായും നശിച്ച നിലയിലാണ്. പ്രവേശനകവാടത്തില്‍ സ്ഥാപിച്ച മീറ്റര്‍ ബോര്‍ഡില്‍ നിന്ന് വയറുകള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നത് അപകടസാധ്യതക്ക് കാരണമാണ്. ഇതിനുപകരമായി ഒന്നരലക്ഷം രൂപ ചെലവില്‍ നഗരസഭ മീറ്റര്‍ ബോക്സ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വൈദ്യുതമീറ്ററുകള്‍ ഇപ്പോഴും പുറത്തുതന്നെയാണുള്ളത്. വൈദ്യുതിവകുപ്പിന് ഈ ബോക്സ് വര്‍ഷങ്ങളായി നഗരസഭ കൈമാറിയിട്ടില്ല. അതുകൊണ്ടുതന്നെ ലക്ഷങ്ങള്‍ തുലച്ച ബോക്സ് തുരുമ്പെടുത്ത് നശിക്കുകയാണ്. കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ള നഗരസഭാ ഭരണസമിതി നിത്യവും ആയിരങ്ങള്‍ എത്തുന്ന ബസ് സ്റ്റാന്‍ഡിനെ കണ്ടില്ലെന്ന് നടിക്കുകയാണ്.