നീലേശ്വരം നഗരസഭ ഡോക്യുമെന്ററി: വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വെളിച്ചംകണ്ടില്ല

Posted on: 30 Aug 2015നീലേശ്വരം: നഗരസഭയുടെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിയിരിക്കെ രണ്ടുലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച നീലേശ്വരത്തിന്റെ ചരിത്രഡോക്യുമെന്ററി വെളിച്ചംകണ്ടില്ല. നഗരസഭയുടെ പ്രഥമ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടുലക്ഷം രൂപ ചെലവില്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയെക്കുറിച്ച് ഇപ്പോഴും ഒരുവിവരവുമില്ല.
സി-ഡിറ്റിന് വേണ്ടി പ്രമുഖ സംവിധായകന്റെ നേതൃത്വത്തിലാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. നഗരസഭയുടെ വിവിധപ്രദേശങ്ങളിലായി കാരണവര്‍കൂട്ടങ്ങള്‍ വിളിച്ചുചേര്‍ത്ത് വിവരങ്ങള്‍ ശേഖരിച്ചാണ് സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്. കണ്ണൂര്‍ സര്‍വകലാശാല മുന്‍ പരീക്ഷാ കണ്‍ട്രോളര്‍ പ്രൊഫ. കെ.പി.ജയരാജന്‍, നെഹ്രു കോളേജിലെ ചരിത്രാധ്യാപകരായിരുന്ന ഡോ. പി.പ്രഭാകരന്‍, പ്രൊഫ. വി.കുട്ട്യന്‍ എന്നിവരായിരുന്നു ഡോക്യുമെന്ററിയുടെ ഉപദേശകര്‍. ഇവരുടെ പരിശ്രമഫലമായാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. 44 മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നഗരസഭാ കൗണ്‍സിലില്‍ പ്രദര്‍ശിപ്പിച്ചപ്പോഴാണ് നീലേശ്വരത്തിന്റെ വികസനത്തിന്റെ മുഖ്യശില്പിയായിരുന്ന മുന്‍മന്ത്രി എന്‍.കെ.ബാലകൃഷ്ണനെ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നകാര്യം കൗണ്‍സിലര്‍മാര്‍ അറിഞ്ഞത്. ഇതിനെതിരെ പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് അംഗവുമായ ഇ.ഷജീര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സി.പി.എം. നേതൃത്വത്തിലുള്ള ഭരണസമിതി ഡോക്യുമെന്ററി രാഷ്ട്രീയവത്കരിച്ചുവെന്നും പ്രദര്‍ശനാനുമതി നല്കരുതെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പ്മന്ത്രിക്കും ഷജീര്‍ പരാതിനല്കിയിരുന്നു.
അപൂര്‍ണമായ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കരുതെന്നും അപാകങ്ങള്‍ പരിഹരിക്കണമെന്നും നിര്‍ദേശം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് എന്‍.കെ.ബാലകൃഷ്ണനെക്കൂടി ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വെളിച്ചംകണ്ടില്ല.

More Citizen News - Kasargod