ഈ അമ്മയുടെ കണ്ണുനീര്‍ എന്ന് തോരും

Posted on: 30 Aug 2015രാജപുരം: തിരുവോണനാളില്‍ സദ്യയുണ്ണാന്‍ വേഗം വരാമെന്നുപറഞ്ഞ് ഇറങ്ങിപ്പോയ മക്കളുടെ വരവിനായി ആ അമ്മ ഉണ്ണാതെ കാത്തിരുന്നു. പക്ഷേ, ഒടുവിലെത്തിയത് മൂത്തമകന്റെ ചേതനയറ്റ ശരീരം. മറ്റൊരു മകനാകട്ടെ ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തില്‍ ആസ്​പത്രിക്കിടക്കയിലും. കാലിച്ചാനടുക്കം കായക്കുന്നിലെ കൊല്ലപ്പെട്ട നാരായണന്റെ വീട്ടിലെത്തുന്നവരുടെ കണ്ണ് നിറയ്ക്കുകയാണ് അമ്മ ശാന്തകുമാരിയുടെ നിലയ്ക്കാത്ത തേങ്ങല്‍. ഓണസദ്യ ഒരുങ്ങുമ്പോഴേക്കും തിരിച്ചെത്താമെന്നുപറഞ്ഞ് കൃഷിയിടത്തിലേക്ക് പോയതായിരുന്നു നാരായണന്‍. വീട്ടിലേക്കുമടങ്ങവെ, സഹോദരന് വീടുവയ്ക്കാനായി മണ്ണെടുത്ത സ്ഥലത്തിനുസമീപം സുഹൃത്തുക്കളോടൊപ്പം നില്ക്കുമ്പോഴാണ് അക്രമിസംഘം നാരായണനെ കുത്തി കൊലപ്പെടുത്തിയത്. മറ്റൊരു മകനാകട്ടെ ഫോണില്‍ റീചാര്‍ജ് ചെയ്ത് എത്താമെന്ന് അമ്മയ്ക്ക് ഉറപ്പുനല്കിയാണിറങ്ങിയത്. എന്നാല്‍, ജേഷ്ഠ്യനെ ആക്രമിക്കുന്നതുകണ്ട് ഓടിയെത്തിയ അരവിന്ദനെയും അക്രമിസംഘം കുത്തിപ്പരിക്കേല്പിച്ചു. പ്രദേശത്തെ സി.പി.എം. പതാക നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിലും കൊലപാതകത്തിലും കലാശിച്ചത്. ഭര്‍ത്താവിന്റെ മരണവിവരമറിഞ്ഞ് തളര്‍ന്നുകിടക്കുകയാണ് ഭാര്യ ബിന്ദു. മക്കള്‍ അഭിജിത്തിനും പാര്‍വതിക്കുമാകട്ടെ അച്ഛന്റെ മരണം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല.

More Citizen News - Kasargod