വാക്കിലും നോക്കിലും കുലീനത്വംപുലര്ത്തിയ വ്യക്തിത്വം
Posted on: 30 Aug 2015
കാസര്‍കോട്: കുലീനമായ വ്യക്തിത്വവും അഭിജാതമായ പെരുമാറ്റവും സാംസ്കാരികമഹിമയും തുളുമ്പുന്നതായിരുന്നു അഡ്വ. കോടോത്ത് നാരായണന് നായരുടെ നോക്കും വാക്കും കര്മവുമെന്ന് തലമുതിര്‍ന്ന അഭിഭാഷകരായ ഹമീദലി ഷംനാടും ഐ.വി. ഭട്ടും അഡൂര്‍ ഉമേഷ്നായ്ക്കും സ്മരിക്കുന്നു.
വായനയിലും ചിന്തയിലും സ്ഫുടംചെയ്തെടുത്ത മനസ്സിന്റെ ഉടമയായിരുന്ന കോടോത്ത്, ജോലിയില്‍ തികഞ്ഞ ആത്മാര്‍ഥതയാണ് പുലര്‍ത്തിയിരുന്നതെന്ന് 86 പിന്നിട്ട മുസ്ലിം ലീഗ് നേതാവ് കൂടിയായ ഹമീദലി ഷംനാട് പറഞ്ഞു.
അഭിഭാഷകവൃത്തിക്കൊപ്പം കാസര്‍കോടിന്റെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്നു കോടോത്ത് നാരായണന് നായര്‍. കാസര്‍കോട് പോലീസ് സ്റ്റേഷന് മുന്നിലുള്ള വീട്ടിലായിരുന്നു ദീര്‍ഘകാലം താമസിച്ചിരുന്നത്. മൂന്ന് വര്‍ഷം മുമ്പ് ഏകസഹോദരനായിരുന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ. കോടോത്ത് ഗോവിന്ദന് നായരുടെ നിര്യാണത്തെത്തുടര്‍ന്നാണ് കോഴിക്കോട്ടേക്ക് താമസംമാറിയത്.
പരേതരായ വി.പി.ഗോവിന്ദന് നായരുടെയും കോടോത്ത് പാര്‍വതി അമ്മയുടെയും മകനായി ജനിച്ച നാരായണന് നായര്‍ നീലേശ്വരം രാജാസ് സ്കൂളില്‍നിന്നാണ് പ്രാഥമികവിദ്യാഭ്യാസം നേടിയത്.
പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് ബിരുദവും ബെല്‍ഗാം ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. മംഗലാപുരത്താണ് ആദ്യമായി അഭിഭാഷകവൃത്തി തുടങ്ങിയത്. പിന്നീട് കാസര്‍കോട് കോടതിയിലെ സജീവ സാന്നിധ്യമായി. കാസര്‍കോട് ബാര്‍ അസോസിയേഷന് പ്രസിഡന്റായും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1971 മുതല്‍ ആറുവര്‍ഷം ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു. ദീര്‍ഘകാലം കെ.എസ്.ഇ.ബി.യുടെ നിയമോപദേശകനായും പ്രവര്‍ത്തിച്ചു.
നിരന്തരമായ വായനയും കവി ഉബൈദ് ഉള്‍പ്പെടെയുള്ളവരുമായുള്ള സൗഹൃദവും അദ്ദേഹത്തെ സാംസ്കാരിക രംഗങ്ങളിലേക്കടുപ്പിച്ചു. ദുര്‍ബല ജനവിഭാഗങ്ങളില്‍നിന്ന് തുച്ഛമായ ഫീസ് മാത്രമാണ് പലപ്പോഴും കോടോത്ത് വാങ്ങിയിരുന്നതെന്ന് അഡ്വ. ഐ.വി. ഭട്ട് പറഞ്ഞു.
കാസര്‍കോടിനെ കേരളത്തില്‍ത്തന്നെ നിലനിര്‍ത്തുന്നതിനുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചപ്പോഴും മലയാളം-കന്നഡ ഭാഷകള്‍ക്കിടയിലെ സൗഹൃദത്തിനുവേണ്ടി കോടോത്ത് നിലനിന്നിരുന്നതായി അഡ്വ. അഡൂര്‍ ഉമേഷ് നായക് അനുസ്മരിക്കുന്നു.