അക്രമങ്ങള്‍ക്ക് തുടക്കമിട്ടത് സി.പി.എമ്മാണെന്ന് ബി.ജെ.പി.
Posted on: 30 Aug 2015
വെള്ളരിക്കുണ്ട്: കാലിച്ചാനടുക്കം കായക്കുന്നില്‍ അക്രമങ്ങള്ക്കുകാരണമായത് സി.പി.എമ്മിന്റെ ജനാധിപത്യവിരുദ്ധ നടപടികളാണെന്ന് ബി.ജെ.പി. കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റി ആരോപിച്ചു.
''സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ഈ പ്രദേശത്ത് അടുത്തിടെ നിരവധിപേര്‍ ബി.ജെ.പി.യില്‍ അംഗങ്ങളായിട്ടുണ്ട്. ഇതിന് നേതൃത്വംകൊടുത്ത കായക്കുന്നിലെ വിജയന്റെ വീടിനുമുമ്പില്‍ തിരുവോണനാള്‍ രാവിലെമുതല്‍ സി.പി.എമ്മിന്റെ പ്രവര്‍ത്തകര്‍ ഭീഷണിയുമായി തമ്പടിച്ചിരുന്നു. വീടിനുവെളിയിളിറങ്ങാനാവാതെ വന്നതോടെ വിജയന് ബന്ധുക്കളായ പുഷ്പരാജനോടും ശ്രീനാഥിനോടും സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ ഇവര്‍ക്കുനേരെ സി.പി.എം. പ്രവര്‍ത്തകര്‍ സംഘടിതമായി അക്രമം അഴിച്ചുവിട്ടു. ഇതിനിടയിലാണ് ഒരാളുടെ മരണത്തിനിടയാക്കിയ സംഭവമുള്‍പ്പെടെ നടന്നത്. മുറിവേറ്റ പുഷ്പരാജന്‍ മംഗലാപുരത്ത് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. സമാധാനമുണ്ടാക്കാന്‍ പോലീസ് അടിയന്തരനടപടിയെടുക്കണം'-ബി.ജെ.പി. നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇ.കൃഷ്ണന് അധ്യക്ഷതവഹിച്ചു. വി.കുഞ്ഞിക്കണ്ണന്, എസ്.കെ.കുട്ടന്, കെ.കെ.വേണുഗോപാലന്‍, കെ.പ്രേമരാജന്‍, എ.കെ.മാധവന് എന്നിവര്‍ സംസാരിച്ചു.