സംസ്ഥാനപാത ദേശീയപാതയാക്കണം
Posted on: 28 Aug 2015
മുള്ളേരിയ: കേരള-കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാത ദേശീയപാതയാക്കി മാറ്റാനുള്ള ആവശ്യമുയരുന്നു. ജാല്സൂരില്നിന്ന് സുള്ള്യ, മടിക്കേരി, മൈസൂരു, ബെംഗളൂരു പാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ്. മംഗലാപുരം-ബെംഗളൂരു ദേശീയപാതയില്‍ അറ്റകുറ്റപ്പണിക്കായി അടച്ചിടുമ്പോള്‍ ചരക്കുലോറികളടക്കം ജാല്‍സൂര്‍ പാതയിലൂടെയാണ് പോകുന്നത്.
ചെര്ക്കളയിലൂടെ പോകുന്ന എന്‍.എച്ച് 66-നെയും കര്‍ണാടകയില്‍ െവച്ച് എന്‍.എച്ച് 766-നെയും ബന്ധിപ്പിക്കുന്ന സംസ്ഥാനപാതയാണിത്. വിനോദസഞ്ചാര കേന്ദ്രങ്ങളായ മടിക്കേരി, കുശാല്‍നഗര്‍ ഗോള്ടെമ്പിള്, മൈസൂരു എന്നിവടങ്ങളിലേക്കുള്ള ഏറ്റവും എളുപ്പത്തില്‍ എത്താനുള്ള പാതയാണിത്. ചരക്കുനീക്കത്തിനും എളുപ്പമാണ്. മൈസൂരു വരെ കേരള-കര്‍ണാടക സംസ്ഥാന റോഡ് നിലവില്‍ നല്ല നിലവാരത്തിലാണ്. ചെര്‍ക്കള- ജാല്‍സൂര്‍ വരെയുള്ള എസ്.എച്ച് 55 പാത നിര്മാണമേന്മകൊണ്ട് വര്‍ഷങ്ങളായി തകരാതെയുണ്ട്. സംസ്ഥാനത്തുതന്നെ ആദ്യകാല മെക്കാഡം ടാറിങ് റോഡില്പ്പെട്ടതാണ്. ദേശീയപാതയായി ഉയര്‍ത്തുന്നതിനായി അഡൂരില്‍ വികസനവേദി എന്ന പേരില്‍ കര്‍മസമിതി രൂപവത്കരിച്ചു. നേതാക്കള്‍ പി.കരുണാകരന് എം.പി.യുമായി ചര്‍ച്ച നടത്തി.
പാലം പുതുക്കിപ്പണിയണം
ബദിയടുക്ക: അപകടാവസ്ഥയിലായ ബദിയടുക്ക കുണ്ടടുക്ക പാലം പുതുക്കിപ്പണിയണമെന്ന് ഡി.എഫ്.ഐ. ആവശ്യപ്പെട്ടു. ബദിയടുക്ക-വിദ്യാഗിരി-ഏത്തടുക്ക പൊതുമരാമത്ത് റോഡിലാണ് കുണ്ടടുക്ക പാലം. അപകടസൂചനാ ബോര്‍ഡുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചതല്ലാതെ തുടര്‍നടപടികളായില്ല. നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ റോഡ് ഉപരോധമടക്കമുള്ള സമരങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണ് ഡി.വൈ.എഫ്.ഐ. ജഗന്നാഥ ഷെട്ടി, സുബൈര്‍ ബാപ്പാലിപ്പൊന, പി.രഞ്ജിത്, ഗിരീഷ് എന്നിവര്‍ സംസാരിച്ചു.