എഫ്.സി.ഐ.യില്‍ ഗോതമ്പ് വരാന്തയില്‍ത്തന്നെ
Posted on: 28 Aug 2015
നീലേശ്വരം: കഴിഞ്ഞ രണ്ടുമാസത്തിലേറെയായി നീലേശ്വരം എഫ്.സി.ഐ. ഗോഡൗണ്വരാന്തയില് വെയിലുംമഴയുമേറ്റുകിടക്കുന്ന ടണ്‍കണക്കിന് ഗോതമ്പിന് ഇനിയും മോചനമായില്ല. എഫ്.സി.ഐ.യുടെ രണ്ട് ഗോഡൗണുകളും ഭക്ഷ്യധാന്യങ്ങളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞതിനാലാണ് ഗോതമ്പ് ആര്ക്കുംവേണ്ടാത്തരീതിയില് വരാന്തയില്‍കിടന്ന് നശിക്കുന്നത്.
തുടര്‍ച്ചയായി റെയില്വേമാര്ഗം ഗോതമ്പ് എത്തിയതിനാല്‍ ഗോഡൗണിനകത്ത് വാഗണുകളില്‍നിന്ന് ഇറക്കിവെക്കാനായില്ല. മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍ ഗോഡൗണിന്റെ പടിഞ്ഞാറെ വരാന്ത മാത്രമായിരുന്നു ആശ്രയം. ടണ്‍ കണക്കിന് ഗോതമ്പുചാക്കുകള്‍ വരാന്തയിലിറക്കി അതിനുമുകളില്‍ പ്ലാസ്റ്റിക്ഷീറ്റിട്ട് മൂടിയിട്ടുണ്ടെങ്കിലും ഗോതമ്പുചാക്കുകളില് നല്ലൊരുഭാഗവും മഴയില്‍കുതിര്‍ന്ന നിലയിലാണ്.
ജില്ലയിലെ റേഷന്‍കടകള്‍ വഴിയുള്ള ഗോതമ്പ്വില്പന വളരെ കുറവാണ്. അതുകൊണ്ടുതന്നെ റേഷന്‍ മൊത്തവ്യാപാരികള്‍ ഗോഡൗണില്‍നിന്ന് കുറഞ്ഞ ലോഡ് ഗോതമ്പ് മാത്രമേ കൊണ്ടുപോകാറുള്ളൂ. വരാന്തയില്‍ സൂക്ഷിച്ച ഗോതമ്പുചാക്കുകള്‍ വല്ലപ്പോഴും മാത്രമേ വ്യാപാരികള്‍ കൊണ്ടുപോകുന്നുള്ളൂ. ഇതാണ് മാസങ്ങള്‍കഴിഞ്ഞിട്ടും ഗോതമ്പുചാക്കുകള്‍ വരാന്തയില്‍ത്തന്നെ കിടക്കാനിടയായത്.
ഗോഡൗണിനകത്തെ ഭക്ഷ്യസാധനങ്ങള്‍ വ്യാപാരികള്‍ക്ക് കൊടുത്തുതീര്‍ക്കുന്ന മുറയ്ക്ക് റെയില്‍മാര്‍ഗം ധാന്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നതും ഗോതമ്പ് ചാക്കുകള്‍ക്ക് മോചനമില്ലാതായി. ചാക്കുകളില്‍ നല്ലൊരുഭാഗവും ഉപയോഗശൂന്യമായിക്കഴിഞ്ഞു. അതിനിടയില്‍ നശിച്ചുകൊണ്ടിരിക്കുന്ന ഗോതമ്പ് മൊത്തമായി എടുക്കാന്‍ മില്ലുടമകളെത്തുന്നുണ്ടെങ്കിലും എഫ്.സി.ഐ. നിശ്ചയിച്ച തുകയേക്കാള്‍ കുറഞ്ഞവില മാത്രമാണ് അവര്‍ വാഗ്ദാനംചെയ്യുന്നത്.വിലയിലുള്ള തര്‍ക്കമാണ് ഗോതമ്പ് ഇപ്പോഴും വരാന്തയില്‍ കെട്ടിക്കിടക്കാനിടയാക്കുന്നത്.
ഉപയോഗശൂന്യമായ ഗോതമ്പ് ഇത്തരത്തില്‍ വിറ്റഴിക്കുകമാത്രമേ ഇനി ഗതിയുള്ളൂ. ഈയിനത്തില്‍ വന്‍ സാമ്പത്തികബാധ്യതയും എഫ്.സി.ഐ.ക്കുണ്ട്. വരാന്തയില്‍ സൂക്ഷിച്ച ഗോതമ്പ് കീടനാശിനി പ്രയോഗം നടത്തിയതിനാലാണ് ഇത്രയുംകാലം നിലനില്ക്കാന് കാരണമായത്. ആവശ്യത്തില്‍ക്കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ റെയില്‍മാര്‍ഗം അയക്കുന്നതിനുമുമ്പ് നീലേശ്വരം എഫ്.സി.ഐ.യിലെ സ്ഥലപരിമിതി അന്വേഷിക്കാത്തതാണ് ഗോതമ്പ് ഇങ്ങനെ നശിക്കാനിടയാക്കിയത്.