ചെങ്കല്‍മേഖലയിലെ തൊഴിലാളികളുടെ ജോലിസംരക്ഷണം ഉറപ്പാക്കണം -സി.ഐ.ടി.യു.
Posted on: 28 Aug 2015
കാസര്‍കോട്: ചെങ്കല്‍മേഖലയിലെ തൊഴിലാളികളുടെ ജോലിസംരക്ഷണം ഉറപ്പാക്കണമെന്ന് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന് (സി.ഐ.ടി.യു.) ചെങ്കല്മേഖലവിഭാഗം തൊഴിലാളികളുടെ യോഗം ആവശ്യപ്പെട്ടു. ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ക്വാറിയുടമകള്‍ തീരുമാനിച്ചതിന്റെ പേരില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലിയില്ലാതായിരിക്കുകയാണ്. ഈ രംഗത്തെ ട്രേഡ്യൂണിയന്‍ സംഘടനകളുമായി കൂടിയാലോചനനടത്താതെ ഏകപക്ഷീയമായി ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ക്വാറിഓണേഴ്സ് അസോസിയേഷന് തീരുമാനിക്കുകയായിരുന്നു. ക്വാറികളില്‍ വെട്ടിയെടുത്ത കല്ല് കെട്ടിക്കിടക്കുന്നു എന്നാണ് ഇതിനുകാരണമായി പറയുന്നത്. ഇത് യഥാര്ഥവസ്തുതയുമായി ബന്ധമില്ലാത്തതാണെന്ന് തൊഴിലാളികള്‍തന്നെ ചൂണ്ടിക്കാട്ടുന്നു. ക്വാറി ഓണേഴ്സ് അസോസിയേഷന്റെ തീരുമാനം അടിയന്തരമായും പിന്‍വലിക്കണം -യോഗം ആവശ്യപ്പെട്ടു. വി.ബാലന് അധ്യക്ഷനായിരുന്നു. സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണന്, എ.കെ.കുഞ്ഞിക്കൃഷ്ണന്, പി.നാരായണന്, പി.കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.