യാത്രപ്രശ്നം; സര്‍വകക്ഷിയോഗം വിളിക്കണം -സി.പി.ഐ.
Posted on: 28 Aug 2015
കാസര്‍കോട്: ജില്ലയിലെ രൂക്ഷമായ യാത്രപ്രശ്നം ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് സി.പി.ഐ. ജില്ലാ കൗണ്‍സില്‍. ഇത് സംബന്ധിച്ച് കളക്ടര്‍ക്ക് നിവേദനം നല്കി. ജില്ലയിലെ വിവിധ റൂട്ടുകളില്‍ ബസ്സുകളുടെ കുറവുമൂലവും ട്രിപ്പ് റദ്ദ് ചെയ്യുന്നതുമൂലവും ജനങ്ങള്‍ വലിയ യാത്രപ്രശ്നം നേരിടുകയാണ്. ദേശീയപാതയിലാണ് ബസ്സുകളുടെ കുറവ് സാരമായി ബാധിക്കുന്നത്. കോഴിക്കോട്-മംഗലാപുരം നോട്ടിഫൈഡ് റൂട്ടില്പ്പെടുന്ന കാഞ്ഞങ്ങാട്-കാസര്‍കോട് റൂട്ടുകളില്‍ ഓടുന്ന ബസ്സുകളില്‍ ഭൂരിപക്ഷവും കെ.എസ്.ആര്.ടി.സി., ടൗണ്‍ ടു ടൗണ്‍, ലിമിറ്റഡ്, ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളാണ്. ഈ സര്‍വീസുകള്‍ക്ക് കാഞ്ഞങ്ങാടിനും കാസര്‍കോടിനും ഇടയില്‍ പെരിയ, പൊയിനാച്ചി, ചെര്‍ക്കള എന്നീ സ്റ്റോപ്പുകളും മാവുങ്കാല്‍, ചട്ടഞ്ചല്‍ സിവില്‍ സ്റ്റേഷന് എന്നീ റിക്വസ്റ്റ് സ്റ്റോപ്പുകളുമാണുള്ളത്. മറ്റ് സ്റ്റോപ്പുകളിലെ യാത്രക്കാര്‍ വലിയ ദുരിതത്തിലാണ്.
ദേശസാത്കൃത റൂട്ടായ കാസര്‍കോട്-കാഞ്ഞങ്ങാട് തീരദേശപാതയില്‍ കെ.എസ്.ആര്.ടി.സി. ട്രിപ്പുകള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. കെ.എസ്.ടി.പി. റോഡ് പ്രവൃത്തി ആരംഭിച്ചപ്പോള്‍ ഏഴ് ബസ്സുകള്‍ നിര്‍ത്തലാക്കിയിരുന്നു. ദേശസാത്കൃത റൂട്ടിലും നോട്ടിഫൈഡ് റൂട്ടിലും രാത്രികാലങ്ങളില്‍ ആവശ്യത്തിന് സര്‍വീസ് നടത്താന്‍ തയ്യാറാകാത്ത കെ.എസ്.ആര്.ടി.സി. നടപടി പ്രതിഷേധാര്‍ഹമാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.