നൂറ്റൊന്നാം പിറന്നാള്‍ ആഘോഷം: മാധവേട്ടന് ആദ്യമായി കേക്ക് മുറിച്ചു
Posted on: 27 Aug 2015
കാഞ്ഞങ്ങാട്: പിറന്നാളും മറ്റ് ആഘോഷങ്ങളുമെല്ലാം നാടിന്റെ ഉത്സവമായി കൊണ്ടാടാന്‍ കഴിയുമായിരുന്ന വീട്ടില്‍നിന്ന് അതൊന്നും വേണ്ടെന്നുവച്ച് കെ.മാധവേട്ടന് ആദ്യമായി പിറന്നാള്‍കേക്ക് മുറിച്ചു-നൂറുവര്‍ഷത്തിനുശേഷം. നൂറ്റൊന്നാം പിറന്നാളാണ് മാധവേട്ടന് ന്യൂജെന്‍ ശൈലിയില്‍ കേക്കുമുറിച്ച് ആഘോഷിച്ചത്. നെല്ലിക്കാട്ടെ വസതിയായ 'ഹില്‍വ്യൂ'വില്‍ നടന്ന ലളിതവും സമ്പന്നവുമായ ചടങ്ങിന് സ്നേഹാശംസയുമായി എം.എല്‍.എ. ഇ.ചന്ദ്രശേഖരനടക്കമുള്ളവരെത്തി. കേക്ക് കണ്ടപ്പോള്‍ത്തന്നെ മാധവേട്ടന്റെ ചോദ്യം. എന്തിനാണ് കേക്ക് മുറിക്കുന്നതെന്ന്.
കേക്കിന്റെ കഷ്ണം ആദ്യം മാധവേട്ടന്റെ വായില്‍ വച്ചുകൊടുത്തത് കൊച്ചുമകളുടെ മകനായിരുന്നു.
ആര്.ഡി.ഒ. പി.കെ.ജയശ്രീ, ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്, സി.പി.എം. ജില്ലാസെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്, ബി.ജെ.പി. ദേശീയസമിതിയംഗം മടിക്കൈ കമ്മാരന്, ജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് എ.വി.രാമകൃഷ്ണന്, സി.എം.പി. ജില്ലാ സെക്രട്ടറി ബി.സുകുമാരന്‍, ചരിത്രകാരന് ഡോ. സി.ബാലന്, ടി.മുഹമ്മദ് അസ്ലം, റൂബിന് ജോസഫ് എന്നിവര്‍ പിറന്നാള്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. മുന്‍ എം.എല്‍.എ. എം.നാരായണന്, നഗരസഭ കൗണ്‍സിലര്‍ സി.ശ്യാമള, പാലക്കുന്ന് ക്ഷേത്രസ്ഥാനികന് കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന് ആയത്താര്‍, കുഞ്ഞമ്പു പൊതുവാള്, എം.കുഞ്ഞമ്പു നമ്പ്യാര്‍, വേണു കോടോത്ത്, നെല്ലിക്കാട് കൃഷ്ണന് മാസ്റ്റര്‍, ശ്യാംകുമാര്‍, മാധവേട്ടന്റെ പത്നി മീനാക്ഷിയമ്മ, മക്കളായ സേതുമാധവന്, അജയകുമാര്‍ കോടോത്ത്, ഇന്ദിര, ലത തുടങ്ങിയവരും മറ്റ് കുടുംബാംഗങ്ങളും മാധവന് ഫൗണ്ടേഷന് പ്രവര്‍ത്തകരും നെല്ലിക്കാട്ട് കേളി കലാകായികകേന്ദ്രം പ്രവര്‍ത്തകരും സംബന്ധിച്ചു. സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം പി.കരുണാകരന് എം.പി., സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, മുന്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് എന്നിവര്‍ ടെലിഫോണില്‍ ആശംസകള്‍ അറിയിച്ചു.
ലൈബ്രറി കൗണ്‍സിലിന്റെ പിറന്നാള്‍ ആദരവുമുണ്ടായി. സംസ്ഥാന സെക്രട്ടറി അഡ്വ. പി.അപ്പുക്കുട്ടന് മാധവേട്ടനെ പൊന്നാടയണിയിച്ചു