പി.എന്‍.സത്യന് അധ്യാപക അവാര്‍ഡ്; അര്‍ഹതയ്ക്കുള്ള അംഗീകാരമായി
Posted on: 27 Aug 2015
ചെര്‍ക്കള: അതൃക്കുഴി ഗവ. എല്‍.പി.സ്കൂളിലെ പ്രഥമാധ്യാപകന് പി.എന്‍.സത്യന് ലഭിച്ച സംസ്ഥാന സര്‍ക്കാറിന്റെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് അര്‍ഹതയ്ക്കുള്ള അംഗീകാരമായി. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച പി.ടി.എ.ക്കുള്ള അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങള്‍ സ്കൂളിനെ തേടിയെത്തിയതിനുപിന്നിലും സത്യന്റെ സേവനമുണ്ടായിരുന്നു.
അധ്യാപനരംഗത്ത് 32 വര്‍ഷത്തെ സേവനമുള്ള ഇദ്ദേഹം 10 വര്‍ഷംമുമ്പ് സ്ഥാനക്കയറ്റം ലഭിച്ചാണ് അതൃക്കുഴിയില്‍ പ്രഥമാധ്യാപകനായി എത്തിയത്.
പി.ടി.എ.യുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും കൂട്ടായ്മയിലൂടെ പഠന രംഗത്തും പാഠ്യേതരരംഗത്തും ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് സ്കൂളില്‍ നടത്തിയത്.
സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തിയതിനെത്തുടര്ന്ന് ഓരോവര്‍ഷവും കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. പത്തുവര്‍ഷം മുമ്പ് 104 കുട്ടികള്‍ പഠിച്ചിരുന്ന സ്കൂളില്‍ ഇപ്പോള്‍ 175 പേര് പഠിക്കുന്നു. നിര്‍ധനവിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുന്നതിന് കാരുണ്യനിധി രൂപവത്കരിച്ചു. മദര്‍ പി.ടി.എ.യുടെ നേതൃത്വത്തില്‍ സോപ്പുണ്ടാക്കി വില്പന നടത്തിയാണ് കാരുണ്യനിധി സ്വരൂപിക്കുന്നത്.
പി.ടി.എ.യ്ക്ക് ലഭിച്ച അവാര്‍ഡ് തുകയായ അഞ്ചുലക്ഷംരൂപ ഉപയോഗപ്പെടുത്തി സ്കൂളില്‍ നീന്തല്‍ക്കുളവും കവാടവും പണിതു. ഒന്നര ഏക്കര്‍ പാറപ്പുറത്ത് മണ്ണിട്ട് ജൈവപച്ചക്കറി-ഔഷധസസ്യ കൃഷിയിറക്കി. തുടര്‍ച്ചയായി അഞ്ചുവര്‍ഷം സബ്ജില്ലയിലും രണ്ടുവര്‍ഷം ജില്ലയിലും മികച്ച പി.ടി.എ.ക്കുള്ള അവാര്‍ഡ് സ്കൂളിനെ തേടിയെത്തിയിരുന്നു.
മികച്ച ശുചിത്വവിദ്യാലയത്തിനുള്ള അവാര്‍ഡും കൃഷിവകുപ്പിന്റെ ഊര്‍ജിത പച്ചക്കറി വികസനപദ്ധതി ജില്ലാതല അവാര്‍ഡും ലഭിച്ചു. ചെങ്കള ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സമിതി സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരുന്നു.
എറണാകുളം കൂത്താട്ടുകുളം സ്വദേശിയായ പി.എന്‍.സത്യന് കഴിഞ്ഞ 20 വര്‍ഷമായി പാടിയിലാണ് കുടുംബസമേതം താമസിക്കുന്നത്. ഭാര്യ: ഗിരിജകുമാരി (അധ്യാപിക, ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍). മക്കള്‍: സഗീഷ് (എന്‍ജിനീയര്‍ എം.ആര്.എഫ്. തിരുച്ചിറപ്പള്ളി), സംഗീത (അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി).