പി.സുനില്‍കുമാറിന് സംസ്ഥാന അധ്യാപക അവാര്‍ഡ്
Posted on: 27 Aug 2015
പടന്ന: പടന്ന എം.ആര്.വി. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പി.സുനില്‍കുമാര്‍ വി.എച്ച്.എസ്.ഇ. വിഭാഗത്തിലെ ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡിന് അര്‍ഹനായി. ഇദ്ദേഹം കഴിഞ്ഞ 19 വര്‍ഷമായി ഇവിടെ ചരിത്രവിഭാഗം അധ്യാപകനാണ്.
11 വര്‍ഷമായി സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ കോ ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചുവരികയാണ്. പടന്ന പ്രാഥമികാരോഗ്യകേന്ദ്രം പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുമായി ചേര്‍ന്ന് എന്‍.എസ്.എസ്. യൂണിറ്റിന്റെ കീഴില്‍ 'കൈത്താങ്ങ്'പദ്ധതി നടപ്പാക്കിവരുന്നുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി കിടപ്പുരോഗികള്‍ക്ക് കിടക്കകള്‍, ചക്രക്കസേരകള്‍, വിവിധ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന എന്നിവ കൈത്താങ്ങ് വഴി വിതരണം ചെയ്യുന്നുണ്ട്. ഇപ്പോള്‍ എന്‍.എസ്.എസ്സിന്റെ ജില്ലാ കോ ഓര്‍ഡിനേറ്ററാണ്.
ഹയര്‍ സെക്കന്‍ഡറി ചരിത്രവിഭാഗം റിസോഴ്സ് ഗ്രൂപ്പ് അംഗമായിരുന്നു. ഇപ്പോള്‍ സംസ്ഥാന മോണിട്ടറിങ് ടീം അംഗമാണ്. കഴിഞ്ഞ നാലുവര്‍ഷമായി വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ 100 ശതമാനം വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട്.
ചെറുവത്തൂര്‍ കൊവ്വല്‍ മനിയേരി ഭവനിലാണ് താമസം. ഭാര്യ പി.രേഷ്മ കാഞ്ഞങ്ങാട് നിത്യാനന്ദ പോളി ടെക്നിക്കില്‍ ലക്ചററാണ്. ഏകമകന് പി.അമല്‍ദേവ് നമ്പ്യാര്‍ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സ്കൂള്‍ എട്ടാംതരം വിദ്യാര്‍ഥിയാണ്.