നീലേശ്വരം: ഓണാഘോഷത്തിന്റെ ഭാഗമായി വ്യാപാരി-വ്യവസായി ഏകോപനസമിതി നീലേശ്വരം യൂണിറ്റ് നഗരത്തില്‍ നടത്തിയ പുലിക്കളി നഗരത്തിന് അപൂര്‍വ വിരുന്നായി. കാസര്‍കോട്ടെ സംഘമാണ് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള പത്തംഗ പുലികളെ രംഗത്തിറക്കിയത്. പുലിക്കളി കാണാന്‍ നഗരവീഥികളില്‍ നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു.
പേരോല്‍ കോണ്‍വെന്റ് ജങ്ഷനില്‍നിന്ന് ആരംഭിച്ച പുലിക്കളിയും ഓണം വിളംബരഘോഷയാത്രയും വ്യാപാരി-വ്യവസായി ഏകോപനസമിതി പ്രസിഡന്റ് എന്‍.മഞ്ജുനാഥപ്രഭു ഉദ്ഘാടനം ചെയ്തു. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും പുലിക്കളിയുടെയും അകമ്പടിയോടെ നടന്ന ഓണം വിളംബരഘോഷയാത്ര മാര്‍ക്കറ്റ് ജങ്ഷനില്‍ സമാപിച്ചു. വ്യാപാരഭവനില്‍ ശനിയാഴ്ച രാവിലെ മുതല്‍ ഓണാേഘാഷപരിപാടികള്‍ ആരംഭിക്കും. ജില്ലാ പൂക്കളമത്സരം, പ്രച്ഛന്നവേഷം തുടങ്ങിയ മത്സരപരിപാടികളും വനിതാവിങ്ങിന്റെ തിരുവാതിരകളിയും ഉണ്ടായിരിക്കും.