25-ാം വര്‍ഷവും 5000 കുടുംബങ്ങളിലേക്ക് വ്യാപാരികളുടെ സൗജന്യ അരിയെത്തി

Posted on: 27 Aug 2015കാഞ്ഞങ്ങാട്: ഉത്രാടത്തിനും തിരുവോണത്തിനും വയറുനിറച്ചുണ്ണാത്ത ഒരു കുടുംബം പോലും കാഞ്ഞങ്ങാട്ട് ഉണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ട് ഇവിടത്തെ വ്യാപാരികള്‍ക്ക്. നിര്‍ധനരായ 5000 കുടുംബങ്ങള്‍ക്കാണ് മര്‍ച്ചന്റ് അസോസിയേഷന്‍ അരി നല്കുന്നത്. ഒരു കുടുംബത്തിന് രണ്ടുകിലോ അരിവീതം. അരി വിതരണത്തിന്റെ 25-ാം വര്‍ഷം കൂടിയാണിത്. അരിക്ക് കടുത്ത ക്ഷാമം ഉണ്ടായപ്പോള്‍ ഓണത്തിന് പട്ടിണികിടക്കരുതെന്ന ലക്ഷ്യത്തോടെയാണ് കാല്‍ നൂറ്റാണ്ടു മുമ്പ് അരിവിതരണം തുടങ്ങിയത്. ഇപ്പോള്‍ അരിക്ക് ക്ഷാമമില്ലാത്ത കാലമാണെങ്കിലും അന്ന് തുടങ്ങിയ പദ്ധതി മുടക്കാന്‍ തയ്യാറല്ലെന്ന് പ്രസിഡന്റ് സി.യൂസഫ് ഹാജി പറഞ്ഞു. സംഘടനയുടെ ഫണ്ട് ഉപയോഗിച്ചല്ല, മറിച്ച് അംഗങ്ങള്‍ പ്രത്യേകമായി നല്കുന്ന തുക വിനിയോഗിച്ചാണ് 10,000 കിലോ അരി വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. 150 കുടുംബങ്ങള്‍ക്ക് അരിക്കുപുറമെ ഓണക്കോടിയും നല്കി. ആര്‍.ഡി.ഒ. പി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു. സി.എ.പീറ്റര്‍, എം.വിനോദ്, പ്രണവം അശോകന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod