മുട്ട സംഭരണ-വിപണന സ്റ്റാള്‍ ഉദ്ഘാടനംചെയ്തു
Posted on: 27 Aug 2015
ചീമേനി: മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ആവിഷ്കരിച്ച ഗ്രാമസൗഭാഗ്യ മുട്ട സംഭരണ-വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് അസി. പ്രോജക്ട് ഓഫീസര്‍ ഡോ. ജി.കെ.മഹേഷ് നിര്‍വഹിച്ചു. കയ്യൂര്‍-ചീമേനി പഞ്ചായത്തോഫീസിന് സമീപമുള്ള കുടുംബശ്രീ വിപണകേന്ദ്രത്തിലാണ് സ്റ്റാള്‍. എം.ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു. ഡോ. പി.പ്രശാന്ത് പദ്ധതി വിശദീകരിച്ചു. യു.രാഘവന്, കെ.സുകുമാരന്‍, എം.വി.ഗീത, കെ.വി.രമേശന്, സി.ടി.ശ്രീലത എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ സി.ഡി.എസ്സിനാണ് വിപണനകേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല. പഞ്ചായത്തിലേക്കാവശ്യമുള്ള മുട്ട പഞ്ചായത്ത് പരിധിയില്‍നിന്ന് തന്നെ ശേഖരിച്ച് ഗുണഭോക്താക്കള്‍ക്ക് കുറഞ്ഞനിരക്കില്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. മുട്ട ഉദ്പാദനത്തില്‍ സ്വയംപര്യാപ്തത നേടുന്നതിന് പഞ്ചായത്ത് നിരവധി പദ്ധതികള്‍ മുന്‍ വര്‍ഷങ്ങളില്‍ നടപ്പാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സംഭരണ-വിപണന കേന്ദ്രത്തിന്റെ പിറവി. മുന്‍വര്‍ഷം മൃഗസംരക്ഷണ വകുപ്പിന്റെ മുട്ടക്കോഴി വിതരണപദ്ധതി പഞ്ചായത്തില്‍ നടപ്പാക്കിയതോടെ മുട്ട ഉത്പാദനത്തില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞതായി പഞ്ചായത്ത് അധികൃതര്‍ പറയുന്നു. ഈ പദ്ധതിയുടെ ഗുണഭോക്താക്കളില്നിന്നാണ് സംഭരണ-വിപണന കേന്ദ്രത്തിലേക്ക് വേണ്ട മുട്ടകള്‍ ശേഖരിക്കുന്നത്.