എച്ച്.ഐ.വി. ബാധിതര്‍ക്ക് പോഷകാഹാരം വിതരണംചെയ്തുതുടങ്ങി
Posted on: 27 Aug 2015
കാസര്‍കോട്: കഴിഞ്ഞ നാലുമാസമായി ലഭിക്കാതിരുന്ന പോഷകാഹാരം എച്ച്.ഐ.വി. ബാധിതര്‍ക്ക് ലഭിച്ചുതുടങ്ങി. 15 കിലോ അരി, ഒന്നരക്കിലോ കടലയും പരിപ്പുമടങ്ങിയ പോഷകാഹാര കിറ്റാണ് കുമ്പളയിലെ എന്‍.വൈ.കെ.യില്‍ റജിസ്റ്റര്ചെയ്തിട്ടുള്ളവര്ക്ക് ബുധനാഴ്ച ആരോഗ്യവകുപ്പധികൃതര്‍ വിതരണംചെയ്തത്. 'എച്ച്.ഐ.വി. ബാധിതര്‍ക്ക് നാലുമാസമായി പോഷകാഹാരമില്ല' എന്ന തലക്കെട്ടില്‍ മാതൃഭൂമിയില്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തയെത്തുടര്‍ന്നാണ് കിറ്റ് വിതരണത്തിനുള്ള നടപടിയായത്. ജില്ലയില്‍ എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിക്ക് കീഴില്‍ നാല് സന്നദ്ധസംഘടനകളാണ് പ്രവര്‍ത്തിക്കുന്നത്.
എന്‍.വൈ.കെ. കുമ്പളയില്‍ റജിസ്റ്റര്‍ചെയ്ത 70-ല്‍ 63 പേരും ബുധനാഴ്ച സൊസൈറ്റി കേന്ദ്രത്തിലെത്തി പോഷകാഹാരം വാങ്ങി. ആരോഗ്യപരമായ കാരണത്താലാണ് ഏഴുപേര്‍ എത്താതിരുന്നത്. ഇവര്‍ക്ക് പിന്നീട് വിതരണംചെയ്യുമെന്ന് നിര്‍വഹണ ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. എം.സി.വിമല്‍രാജ് മാതൃഭൂമിയോട് പറഞ്ഞു. കുമ്പള ഒഴികെ ജില്ലയിലെ കെ.ഡി.എന്‍.സി. പ്ലസ് കാസര്‍കോട്, കാഞ്ഞങ്ങാട് ഐ.എ.ഡി. ഹോപ് എന്നിവിടങ്ങളില്‍ റജിസ്റ്റര്‍ചെയ്ത 295 എച്ച്.ഐ.വി. ബാധിതര്‍ക്ക് അതത് സൊസൈറ്റികള്‍ തീയതി അറിയിക്കുന്നമുറയ്ക്ക് വിതരണംചെയ്യുമെന്നും ഇവിടേക്കുള്ള പോഷകാഹാരങ്ങള്‍ സപ്ലൈകോ ഡിപ്പോകളില്‍ പായ്ക്കുചെയ്ത് വിതരണത്തിന് തയ്യാറായിട്ടുണ്ടെന്നും നിര്‍വഹണ ഉദ്യോഗസ്ഥന് പറഞ്ഞു.
നിലവില്‍ കാസര്‍കോട്ട് 365 പേര് പോഷകാഹാര കിറ്റുകള്‍ വാങ്ങുന്നുണ്ട്. ജില്ലാ പഞ്ചായത്ത് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായിരിക്കെ കഴിഞ്ഞ മാര്‍ച്ചുവരെ മുടക്കമില്ലാതെ കിറ്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍, നിര്‍വഹണ ഉദ്യോഗസ്ഥന് മാറിയതിനുശേഷം കിറ്റുകള്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു ഉയര്‍ന്ന പരാതി.
നേരത്തേ ജില്ലാ പഞ്ചായത്തില്‍നിന്ന് സപ്ലൈകോയിലേക്ക് നല്കുന്ന ഓര്‍ഡര്‍പ്രകാരം പായ്ക്ക്ചെയ്ത സാധനങ്ങള്‍ സൊസൈറ്റികളിലെത്തിച്ച് വിതരണംചെയ്യുകയായിരുന്നു പതിവ്. എന്നാല്‍, നിര്‍വഹണ ഉദ്യോഗസ്ഥന് മാറിയതോടെ വിതരണരീതിയിലും മാറ്റംവരുത്തുന്ന നിര്‍ദേശങ്ങള്‍ വന്നു. അതത് പ്രദേശങ്ങളിലെ മാവേലി സ്റ്റോറുകളില്‍നിന്ന് ടോക്കണ്‍ കൊടുത്ത് പോഷകാഹാരങ്ങള്‍ വാങ്ങണമെന്നായിരുന്നു ആദ്യം നിര്‍ദേശിച്ചത്. എന്നാല്‍, ഇങ്ങനെ ചെയ്യുന്നത് എച്ച്.ഐ.വി. ബാധിതരായ ആളുകളെ സമൂഹത്തിനുമുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിന് തുല്യമാകുന്നതാണെന്ന് ചൂണ്ടിക്കാട്ടി സൊസൈറ്റികള്‍ പിന്‍വലിയുകയായിരുന്നു. ഇതിനുശേഷം കിറ്റുകള്‍ വാങ്ങുന്നതിന് തീയതി അറിയിക്കണമെന്നുകാണിച്ച് നോട്ടീസുകള്‍ നല്‍കിയിരുന്നെങ്കിലും സൊസൈറ്റികള്‍ മറുപടി തരാത്തതാണ് കിറ്റുകള്‍ വിതരണംചെയ്യുന്നതിന് കാലതാമസംവരുത്തിയതെന്നാണ് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നത്.