തോടിന് സംരക്ഷണഭിത്തിയും പാലവും നിര്‍മിക്കണം

Posted on: 26 Aug 2015മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്തിലെ ഹൊസബെട്ടുവില്‍ സുരമ തോടിന് സംരക്ഷണഭിത്തിയും പാലവും നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തോടിന് സംരക്ഷണഭിത്തിയില്ലാത്തതിനാല്‍ 50 ഏക്കറോളം കൃഷിയിടം വെള്ളംകയറി നശിച്ചുകൊണ്ടിരിക്കുകയാണ്. തോടിനും കൃഷിയിടങ്ങള്‍ക്കുമിടയിലുള്ള വരമ്പ് പൂര്‍ണമായും തകര്‍ന്ന് കാല്‍നടപോലും അസാധ്യമായിരിക്കുന്നു. മാത്രമല്ല, സുരമ തോടിന് കുറുകെ വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ച കൈവരിയില്ലാത്ത മരപ്പാലം മഴയുംവെയിലുമേറ്റ് അപകടാവസ്ഥയിലാണ്. ജീവന്‍ പണയംവെച്ചാണ് ആളുകള്‍ ഇതുവഴി കടന്നുപോകുന്നത്.
ഹൊസബെട്ടുവിലും പരിസരപ്രദേശങ്ങളിലുമുള്ള ജനങ്ങള്‍ക്ക് മഞ്ചേശ്വരം റെയില്‍വേസ്റ്റേഷനിലേക്കും ദേശീയപാതയിലേക്കും എളുപ്പത്തിലെത്താനുള്ള വഴികൂടിയാണിത്. തോട് കരകവിഞ്ഞൊഴുകി വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതിനാല്‍ ഇതുവഴിയുള്ള യാത്രക്കാര്‍ ചുറ്റിവളഞ്ഞാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. തോടിന് സംരക്ഷണഭിത്തിയും പാലവും നിര്‍മിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് പരാതിനല്കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഒപ്പിട്ട പരാതി മഞ്ചേശ്വരം താലൂക്ക് വികസനസമിതിക്ക് സമര്‍പ്പിച്ചു.

More Citizen News - Kasargod