നൂറ്റൊന്നിന്റെ നിറവില്‍ കെ.മാധവന്‍; വിപ്ലവസ്മരണയില്‍ 'ഹില്‍വ്യൂ'

Posted on: 26 Aug 2015


ഇ.വി.ജയകൃഷ്ണന്‍കാഞ്ഞങ്ങാട്: തീപാറുന്ന പോരാട്ടങ്ങള്‍ നയിച്ചും നേരിനൊപ്പം നിലകൊണ്ടും രാജ്യത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റുകാരനുമായ കെ.മാധവന് ബുധനാഴ്ച 101-ാം പിറന്നാള്‍.
വിപ്ലവത്തിന്റെ കനലെരിച്ചിലിനും ജ്വലിക്കുന്ന ഓര്‍മകള്‍ക്കും നേരിയ ഇലവാട്ടം പോലുമില്ല. മനസ്സിനെ യൗവ്വന പ്രസരിപ്പിലേക്കെത്തിച്ച് ഒരു കാലഘട്ടത്തിന്റെ ധീരസ്മരണകള്‍ അദ്ദേഹം ഇന്നും പങ്കുവെക്കുന്നു. അതുകൊണ്ടുതന്നെ കാഞ്ഞങ്ങാടിനടുത്ത് നെല്ലിക്കാട് ഗ്രാമത്തിലെ 'ഹില്‍വ്യൂ'വില്‍ വരുന്നവര്‍ തിരികെ യാത്രയാകുന്നത് ചരിത്രപുസ്തകത്തിന്റെ വലിയ താളുകള്‍ മനസ്സിലേറ്റിക്കൊണ്ടാകും.
അച്ഛന്‍ ഏച്ചിക്കാനം തറവാട്ടിലെ കാരണവര്‍. അമ്മ കൊഴുമല്‍വീട് കുടുംബാംഗം. രണ്ടു തറവാട്ടുകാരും നാട്ടിലൊട്ടാകെ നികുതി പിരിച്ചെടുക്കാന്‍ അവകാശപ്പെട്ടവര്‍. പൊന്‍കിണ്ണത്തില്‍ പാല്‍ച്ചോറ് കഴിച്ച് വളരാന്‍ ഭാഗ്യമുള്ള ജന്മം. നാട് ദാരിദ്ര്യത്തിലാണ്. മുണ്ടുമുറുക്കിയുടുത്ത് അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി കഴിയുന്നവരുടെ കാലം. വീട്ടിലെ സൗഭാഗ്യത്തിന് നടുവില്‍നിന്ന് കെ.മാധവന്‍ എന്ന ചെറുപ്പക്കാരന്‍ നാട്ടിലെ മുഴുപ്പട്ടിണിക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു.
12 വയസ്സുള്ളപ്പോള്‍ എല്ലാം ഉപേക്ഷിച്ച് നാടിനുവേണ്ടിയിറങ്ങി. ഉപ്പുസത്യാഗ്രഹത്തിലും ഗുരുവായൂര്‍ സത്യാഗ്രഹത്തിലും പയ്യന്നൂരില്‍ നെഹ്രു പങ്കെടുത്ത കെ.പി.സി.സി. സമ്മേളനത്തിലുമെല്ലാം പങ്കെടുത്തു. ഗാന്ധിസവും കമ്യൂണിസവും സമ്മേളിപ്പിച്ച് ജീവിതത്തോട് പടവെട്ടി.
വര്‍ഗീയത തടയാന്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റ്പാര്‍ട്ടിയും ഒന്നിക്കണമെന്ന് വാരണാസിയില്‍ നടന്ന സി.പി.ഐ. സമ്മേളനത്തില്‍ കെ.മാധവന്‍ വാദിച്ചിരുന്നു. ഹൈന്ദവ ഫാസിസത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികളുമായി ചേര്‍ന്ന് രാഷ്ട്രീയമുന്നണിയുണ്ടാക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറാകണം എന്നായിരുന്നു മാധവേട്ടന്റെ നിലപാട്. ഇത് പ്രമേയമായി അവതരിപ്പിക്കുകയും ചെയ്തു.
കലാപകാരിയെന്ന് കെ.മാധവനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് ചരിത്രകാരന്‍ ഡോ. സി.ബാലന്‍ ചൂണ്ടിക്കാട്ടുന്നു. മാധവേട്ടന്റെ ജീവിതവഴികള്‍ മുഴുനീളെ പരിശോധിച്ചാല്‍ വലിയ കലാപസ്വഭാവം കാട്ടുന്നതായി ബോധ്യപ്പെടും. ഈ കലാപങ്ങളൊക്കെയും നേരിനൊപ്പം നില്‍ക്കാന്‍വേണ്ടിയാണെന്നും ഡോ. ബാലന്‍ പറയുന്നു.
സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ചപ്പോള്‍ വീട്ടുകാരുമായി കലഹിച്ചതില്‍ തുടങ്ങുന്നു ഈ വിപ്ലവകാരിയുടെ നേരിനൊപ്പമുള്ള പോരാട്ടങ്ങള്‍. ഗാന്ധിസത്തിന്റെയും മാര്‍ക്‌സിസത്തിന്റെയും പാത തിരഞ്ഞെടുത്തപ്പോഴും ഒപ്പമുള്ളവരോട് കലഹിച്ച് സത്യത്തിന്റെ മാര്‍ഗം തേടി. കല്‍ക്കത്ത തീസിസിനെത്തുടര്‍ന്ന് സായുധവിപ്ലവവുമായി കമ്യൂണിസ്റ്റ് പാര്‍ട്ടി പോരാട്ടവഴിയിലേക്കിറങ്ങിയപ്പോള്‍ കാസര്‍കോടന്‍ ഗ്രാമങ്ങളില്‍ ഭക്ഷ്യവിപ്ലവം ഉണ്ടാക്കാനാണ് കെ.മാധവന്‍ തയ്യാറായത്. ജന്മികുടുംബങ്ങളിലെ പത്തായപ്പുരയിലുള്ള നെല്ല് പിടിച്ചെടുത്ത് വിതരണം ചെയ്തു. അവിടെയും പാര്‍ട്ടിക്കാരുമായി കലഹിച്ചു. നെല്ല് പിടിച്ചെടുക്കുമ്പോള്‍ ജന്മിമാര്‍ക്ക് നയാപൈസ കൊടുക്കരുതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. പാടില്ലെന്ന് കെ.മാധവന്‍ തറപ്പിച്ചു പറഞ്ഞു. പിടിച്ചെടുക്കുന്ന നെല്ലിന് ന്യായമായ പൈസകൊടുക്കണം. ഇത് മാധവന് നിര്‍ബന്ധമായിരുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ.ക്കൊപ്പവും പിന്നീട് സി.പി.ഐ.യെ ഉപേക്ഷിച്ച് സി.പി.എമ്മിലേക്ക് പോയതും ഒടുവില്‍ ഇ.എം.എസ്സിന് തുറന്ന കത്തെഴുതി സി.പി.എമ്മിനെ വിട്ടതുമെല്ലാം നേരിന് വേണ്ടിയുള്ള ഈ കലഹസ്വഭാവത്തിന്റെ ബാക്കിപത്രങ്ങളാണ്.

More Citizen News - Kasargod