ചെമ്പരിക്ക ഖാസിയുടെ മരണം; പുനരന്വേഷണം വേണമെന്ന് കുടുംബം

Posted on: 26 Aug 2015കാസര്‍കോട്: സമസ്ത വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ മരണത്തില്‍ നീതിപൂര്‍ണമായ അന്വേഷണം നടന്നിട്ടില്ലെന്നും പുനരന്വേഷണം നടത്തണമെന്നും ഖാസിയുടെ ബന്ധുക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഖാസിയുടെ മരണം ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമം ആദ്യം മുതല്‍തന്നെ നടന്നു. എന്നാല്‍, അദ്ദേഹം ആത്മഹത്യചെയ്യില്ലെന്ന് കുടുംബവും വിശ്വാസിസമൂഹവും ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നു. സംശയകരമായ സാഹചര്യത്തില്‍ നടന്ന മരണങ്ങളില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഖാസി മരിച്ച 2010 ഫിബ്രവരി 15-ന് പോലീസ് ഈ കേസില്‍ ഇടപെട്ടത്. പിന്നീട് സി.ബി.ഐ. അന്വേഷണംവരെ നടന്നെങ്കിലും നീതി ലഭിച്ചില്ലെന്നും കുടുംബം പരാതിപ്പെടുന്നു.
ഏകപക്ഷീയമായിട്ടാണ് സി.ബി.ഐ. അന്വേഷണറിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്ന ആക്ഷേപത്തില്‍ ഖാസിയുടെ കുടുംബങ്ങള്‍ ഇപ്പോഴും ഉറച്ചുനില്ക്കുന്നു. മരണത്തിന് മുമ്പ് പിടിവലികള്‍ നടന്നതായിട്ടാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നതെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ത്തന്നെയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. കോടതികളില്‍ കേസ് പോയെങ്കിലും വര്‍ഷം രണ്ടായിട്ടും ഇതുവരെ വാദത്തിനെടുത്തില്ലെന്നും ആരില്‍നിന്നും തങ്ങള്‍ക്ക് നീതികിട്ടിയില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
തെറ്റിദ്ധാരണകള്‍ നീക്കി യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആഗസ്ത് 28-ന് മൂന്നുമണിക്ക് കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ബഹുജന കണ്‍വെന്‍ഷന്‍ നടത്തുമെന്നും ബന്ധുക്കള്‍ അറിയിച്ചു. ഖാസിയുടെ സഹോദരന്‍ സി.എം.ഉബൈദുള്ള മൗലവി, മരുമകന്‍ സി.എം.അഹമ്മദ് ഷാഫി, സഹോദരീപുത്രന്‍മാരായ സി.എം.അബ്ദുല്ലക്കുഞ്ഞി ഹാജി, അബ്ദുല്‍ഖാദര്‍ സഹദി, മുഹമ്മദ് സഹീദ്, ബന്ധുക്കളായ അബൂബക്കര്‍ സിദ്ദിഖ് നദ്വി, യു.കെ.മൊയ്തീന്‍കുഞ്ഞി ഹാജി, ഇ.അബ്ദുല്ലക്കുഞ്ഞി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Kasargod