വി.എസ്സിനെതിരെ കുറ്റപത്രവുമായി വീണ്ടും റിവ്യൂ റിപ്പോര്‍ട്ട്
Posted on: 26 Aug 2015
കണ്ണൂര്‍: വി.എസ്.അച്യുതാനന്ദനെതിരെ വീണ്ടും കുറ്റവിചാരണയുമായി സി.പി.എം. യോഗങ്ങള്‍ക്ക് തുടക്കമായി. വി.എസ്. വിഷയത്തില്‍ അന്വേഷണവും പരിശോധനയും നടത്തുന്ന പി.ബി. കമ്മീഷന് ഡിസംബറില്‍ പ്ലീനത്തിനുമുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് വി.എസ്സിനെ നിശിതമായി വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടിങ്.
ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍നിന്ന് വി.എസ്. ഇറങ്ങിപ്പോക്ക് നടത്തി സമ്മേളനത്തിന്റെ ശോഭ കെടുത്തിയെന്നതുള്പ്പെടെയുള്ള കുറ്റങ്ങള്‍ എണ്ണിയെണ്ണി വിശദീകരിക്കുന്നതാണ് റിപ്പോര്‍ട്ടിങ്ങ്. ഏരിയാ കമ്മിറ്റി അംഗങ്ങള്‍ക്കുള്ള റിപ്പോര്‍ട്ടിങ്ങിലാണ് വി.എസ്സിനെതിരായ കുറ്റപത്രം. തുടര്‍ന്ന് ലോക്കല്‍ ജനറല്‍ബോഡികള്‍ ചേര്‍ന്ന് അംഗങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
സംസ്ഥാനസമ്മേളന അവലോകന റിപ്പോര്‍ട്ടിനൊപ്പം അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ തോല്‍വി സംബന്ധിച്ച അവലോകന റിപ്പോര്‍ട്ട്, നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് എന്നിവയും ഏരിയാ കമ്മിറ്റി യോഗങ്ങളില്‍ നല്‍കുന്നുണ്ട്. തുടര്‍ന്ന് നടക്കുന്ന പ്രാദേശിക യോഗങ്ങളില്‍ റിപ്പോര്‍ട്ടിങ്ങിനൊപ്പം പഞ്ചായത്ത്-നഗരസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുടെ ആസൂത്രണവും നടക്കും.
സംസ്ഥാനസമ്മേളന വേളയില്‍ വി.എസ്.അച്യുതാനന്ദന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കയച്ച കത്ത് പുറത്തുവന്നതിനെത്തുടര്‍ന്നാണ് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് പത്രസമ്മേളനം വിളിച്ച് വി.എസ്സിന് മറുപടി നല്‍കിയതെന്നും വി.എസ്. സമ്മേളനം ഇടയ്ക്കുവെച്ച് ബഹിഷ്കരിച്ചത് കടുത്ത സംഘടനാവിരുദ്ധ പ്രവര്‍ത്തനമാണെന്നും അവലോകനറിപ്പോര്‍ട്ടില്‍ പറയുന്നു. പിണറായി വിജയന് പത്രസമ്മേളനം നടത്തിയത് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് വി.എസ്. ഉന്നയിച്ച കത്തിനെക്കുറിച്ച് അംഗീകരിച്ച പ്രമേയം പരസ്യപ്പെടുത്താനായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തുപറയുന്നു.
എസ്.എന്‍.സി. ലാവലിന്‍ ഉള്‍പ്പെടെ പാര്‍ട്ടി കേന്ദ്രകമ്മിറ്റി തീര്പ്പുകല്പിച്ച വിഷയങ്ങള്‍ സമ്മേളനഘട്ടത്തില്‍ ദുഷ്ടലാക്കോടെ വി.എസ്. വീണ്ടും വീണ്ടും ചര്‍ച്ചാവിഷയമാക്കാനാണ് ശ്രമിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതുവഴി അഴിമതിയിലും ആഭ്യന്തരക്കുഴപ്പത്തിലും പെട്ട് പ്രതിസന്ധിയിലായ യു.ഡി.എഫിനെ രക്ഷിക്കുന്ന സമീപനമാണ് വി.എസ്സിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഏരിയാ കമ്മിറ്റികളില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ മുന്‍ സമ്മേളന റിപ്പോര്ട്ടിലുണ്ടായിരുന്നതുള്പ്പെടെയുള്ള ഏകപക്ഷീയമായ കുറ്റപ്പെടുത്തലുകള്‍ ആവര്‍ത്തിക്കുകയാണെന്നും പി.ബി.യുടെ നിര്‍ദേശാനുസരണം മുമ്പ് ഒഴിവാക്കിയ ഭാഗങ്ങള്‍കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കാണിച്ചാണ് വി.എസ്. ജനറല്‍ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നത്. ഈ കത്ത് ചോര്‍ന്നതിനെത്തുടര്‍ന്നാണ് സമ്മേളനത്തലേന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അടിയന്തരമായി ചേര്‍ന്ന് വി.എസ്സിന്റെ സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രമേയം അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയത്. ഈ പ്രമേയത്തിലെ ഉള്ളടക്കംകൂടി വിശദീകരിക്കുന്ന റിപ്പോര്‍ട്ടില്‍ താഴെ തലത്തില്‍ വിശദമായ ചര്‍ച്ച തത്കാലം വേണ്ടെന്നാണത്രെ നിര്‍ദേശം.
സംഘടനാ റിപ്പോര്‍ട്ടിലെ തനിക്കെതിരായ പരാമര്‍ശങ്ങളും സമ്മേളനത്തലേന്ന് പ്രമേയം പാസാക്കി പ്രസിദ്ധപ്പെടുത്തിയതും സംഘടനാവിരുദ്ധമാണെന്ന് കാണിച്ച് വി.എസ്. നല്കിയ പരാതിയും വി.എസ്സിന് പാര്‍ട്ടിവിരുദ്ധ മാനസികാവസ്ഥയാണെന്ന് വിശദീകരിക്കുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ പ്രമേയവും കേന്ദ്രനേതൃത്വം പി.ബി.കമ്മീഷന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും ഉള്‍പ്പെട്ട കമ്മീഷന് രൂപവത്കരിച്ചിട്ടുണ്ടെങ്കിലും പുതിയ പുതിയ വിഷയങ്ങള്‍ പരിഗണനയില്‍ വരുന്നതല്ലാതെ സിറ്റിങ് നീണ്ടുപോവുകയാണ്. ഡിസംബറില്‍ നടക്കുന്ന പ്ലീനത്തിലെങ്കിലും അന്തിമ റിപ്പോര്‍ട്ട് നല്കണമെന്നാണിപ്പോഴത്തെ തീരുമാനം.