വിരല്വെട്ടുകേസില് മുഖ്യപ്രതിയും സഹായിയും അറസ്റ്റില്‍
Posted on: 25 Aug 2015
മംഗളൂരു: സ്വത്തുതര്‍ക്കത്തെത്തുടര്‍ന്ന് സുന്ദര്‍ മലേക്കുടിയയുടെ കൈവിരലുകള്‍ വെട്ടിമാറ്റിയ കേസിലെ മുഖ്യപ്രതി ഗോപാലകൃഷ്ണ ഗൗഡയും സഹായി വസന്ത ഗൗഡയും അറസ്റ്റിലായി. ഗോപാലകൃഷ്ണ ഗൗഡ പുട്ടപര്‍ത്തിയിലെ അതിഥി മന്ദിരത്തില്‍നിന്നും സഹായിയും സഹോദരിയുടെ കാര്‍ ഡ്രൈവറുമായ വസന്ത ഗൗഡ ഹാസനില്‍നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രിയിലുമാണ് അറസ്റ്റിലായത്. കേസില്‍ ഗോപാലകൃഷ്ണ ഗൗഡയുടെ ഭാര്യ പുഷ്പലത നേരത്തേ അറസ്റ്റിലായിരുന്നു. കൂട്ടുപ്രതിയായ സഹോദരി ദമയന്തി ഒളിവിലാണ്.
വനം വകുപ്പിന്റെ അനുമതിയോടെ സുന്ദര്‍ മലേക്കുടിയയും കുടുംബവും ബല്‍ത്തങ്ങടിയിലെ നരിയയില്‍ കൃഷിചെയ്യുന്ന മൂേന്നക്കര്‍ ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ജൂലായ് 26-ന് കൃഷിസ്ഥലത്ത് അതിക്രമിച്ച് കയറിയ ഗോലകൃഷ്ണ ഗൗഡയും സഹായികളും സുന്ദര്‍ മലേക്കുടിയയുടെ കുടുംബാംഗങ്ങളുടെ കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ചുവെന്നാണ് കേസ്. മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് സുന്ദറിന്റെ കൈവിരലുകള്‍ അറുത്തുമാറ്റിയ ഗൗഡ സുന്ദറിന്റെ ഇടത്കൈയും മുറിച്ചുമാറ്റാന്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു. സുന്ദര്‍ മലേക്കുടിയയുടെ ഭാര്യ രേവതിയുടെ പരാതിയില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തെങ്കിലും ആദ്യം നടപടിയുണ്ടായില്ല.
സാമൂഹിക സംഘടനകള്‍ സമരപ്രഖ്യാപനവുമായി രംഗത്തിറങ്ങിയതോടെയാണ് പോലീസ് നടപടി തുടങ്ങിയത്. കഴിഞ്ഞദിവസം ദക്ഷിണ കന്നട ജില്ലാ പോലീസ് ആസ്ഥാനത്ത് എത്തിച്ച പ്രതികളെ എസ്.പി. ഡോ. ശരണപ്പയുടെ പത്രസമ്മേളനത്തിനുശേഷം കോടതിയില്‍ ഹാജരാക്കി. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍നിന്ന് സംരക്ഷണം നല്‍കുന്നതിന്റെ ഭാഗമായി സാമൂഹികക്ഷേമ വകുപ്പില്‍നിന്ന് സുന്ദറിന് 80,000 രൂപ അനുവദിച്ചതായി അധികൃതര്‍ പറഞ്ഞു.