റൂട്ട്ക്രമം പാലിക്കാനാകാത്തത് സമാന്തരസര്വീസുകളുടെ ബാഹുല്യംകൊണ്ട് -ബസ് ഓണേഴ്സ് അസോസിയേഷന്
Posted on: 25 Aug 2015
കാഞ്ഞങ്ങാട്: സ്വകാര്യ ബസ്സുകള്‍ക്ക് പെര്‍മിറ്റില്‍ പറഞ്ഞതുപ്രകാരമുള്ള ഉള്‍പ്രദേശ റൂട്ട്ക്രമം പാലിക്കാനാകാത്തത് ഓട്ടോറിക്ഷകള്‍ അടക്കമുള്ള സമാന്തരസര്വീസുകളുടെ ബാഹുല്യംകൊണ്ടാണെന്ന് ഹൊസ്ദുര്‍ഗ് താലൂക്ക് ബസ് ഓണേഴ്സ് അസോസിയേഷന് ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം നടന്ന വിജിലന്‍സ് അന്വേഷണറിപ്പോര്‍ട്ട് പലതും പൊതുജനങ്ങളെയും യാത്രക്കാരെയും തെറ്റിധരിപ്പിക്കുന്നതാണ്. മൂന്നുമാസം കൂടുമ്പോള്‍ എല്ലാ സ്വകാര്യ ബസ്സുകളും റോഡ് ടാക്സ് അടക്കുന്നുണ്ട്. ടാക്സ് അടക്കുമ്പോള്‍ പെര്മിറ്റ്മുതല് ഇന്ഷുറന്സ്വരെയുള്ള എല്ലാകാര്യങ്ങളും കൃത്യമാണോയെന്ന് മോട്ടോര്‍വാഹന ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നുമുണ്ട്. എന്നിട്ടും പെര്‍മിറ്റില്ലാതെ സ്വാകാര്യബസ് ഓടുന്നുണ്ടെന്ന് അന്വേഷണറിപ്പോര്‍ട്ടായി പ്രചരിച്ചത് പ്രതിഷേധാര്‍ഹമാണെന്നും അസോസിയേഷന് ചൂണ്ടിക്കാട്ടി.
കാഞ്ഞങ്ങാട്: ബസ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷനും ഇതേവിഷയം ചൂണ്ടിക്കാട്ടി രംഗത്തുവന്നു. വലിയ ഗൂഡാലോചനയുടെ ഭാഗമായാണ് ഇത്തരം പ്രചാരണങ്ങളും അന്വേഷണങ്ങളുമുണ്ടാകുന്നതെന്നും സ്വകാര്യ ബസ്സുടമകളുടെ കണ്ണീര്ക്കഥയറിയാന് ഇവിടെ ആരും ശ്രമിക്കുന്നില്ലെന്നും അസോസിയേഷന് നേതാക്കളായ പി.വി.രാജേഷ്, കാരളി ചന്ദ്രന്, സുനില്‍, അശോകന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.