കക്കാട്ട് സ്‌കൂളില്‍ പഠനപാര്‍ക്ക് ഒരുങ്ങി

Posted on: 25 Aug 2015നീലേശ്വരം: കക്കാട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ പഠനപാര്‍ക്ക് ഒരുങ്ങി. 20 സെന്റ് സ്ഥലമാണ് പത്തുലക്ഷത്തോളം രൂപ ചെലവുചെയ്ത് പാര്‍ക്കാക്കി മാറ്റിയത്.
സ്‌കൂളിന്റെ മുഖ്യകവാടത്തിനരികിലാണ് പാര്‍ക്ക്. ചെങ്കല്ലില്‍ ശില്പവേല ചെയ്തുണ്ടാക്കിയ മതിലാണ് പാര്‍ക്കിലേക്ക് സ്വാഗതം ചെയ്യുന്നത്. ആമ്പലുകളുടെ കളിപ്പൊയ്കയായി ഒരു ചെറു കുളം പാര്‍ക്കില്‍ തയ്യാറായിട്ടുണ്ട്. ഈ കുളത്തില്‍ ശില്പവും ജലധാര സംവിധാനവും ഒരുക്കും. പാര്‍ക്ക് നനയ്ക്കുന്നതിന് സ്​പ്രിങ്ഗ്ലൂ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്.
പെന്‍ഡുല ചലനം, ഭാരമുയര്‍ത്തല്‍ കപ്പി എന്നിവ കുട്ടികള്‍ക്ക് നേരിട്ട് പ്രവര്‍ത്തിപ്പിക്കാവുന്നതരത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ന്യൂട്ടന്റെ വര്‍ണപമ്പരവും മഴവില്‍ഭംഗിയോടെ ഇതേനിലയില്‍ ഒരുങ്ങി. ചന്ദനം, ഇലഞ്ഞി, താന്നി, ഏഴിലംപാല, കാഞ്ഞിരം, ഗുല്‍മോഹര്‍, കണിക്കൊന്ന, അരയാല്‍, പ്ലുമേറിയ തുടങ്ങിയ മരങ്ങളുടെ സമ്മേളനസ്ഥലം കൂടിയാണ് കക്കാട്ട് സ്‌കൂളിലെ പാര്‍ക്ക്. ഓരോമരത്തിലും അതിന്റെ മലയാളപേരും നാട്ടുപേരുകളും സംസ്‌കൃതനാമവും ഇംഗ്ലീഷ് പേരും ശാസ്ത്രനാമവും എഴുതിയ ബോര്‍ഡും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പക്ഷികളുടെ സ്വാഭാവികമായ വാസസ്ഥാനമായി ഇതിനകം പാര്‍ക്ക് മാറിയിട്ടുണ്ട്. അലങ്കാരപ്പനകള്‍, സവിശേഷതയാര്‍ന്ന കള്ളിച്ചെടികള്‍, മുളകള്‍, പൂച്ചെടികള്‍ എന്നിവയും പാര്‍ക്കിലുണ്ട്.
കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ലൈഡര്‍, ഊഞ്ഞാലുകള്‍ എന്നിവ മരത്തണലുകളിലും മറ്റുമായി സ്ഥാപിച്ചിട്ടുണ്ട്. പ്രധാനമായും എല്‍.പി. വിഭാഗത്തിലെ കുട്ടികളെ ഉദ്ദേശിച്ചാണ് കളിയുപകരണങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്.
ബങ്കളത്തെ സാംസ്‌കാരിക സ്ഥാപനങ്ങള്‍ പാര്‍ക്ക് നിര്‍മാണത്തില്‍ സാമ്പത്തികസഹായം നല്കിയിട്ടുണ്ട്. ഭൂരിഭാഗം തുകയും അധ്യാപക-രക്ഷാകര്‍തൃസമിതിയാണ് സമാഹരിച്ചത്.

More Citizen News - Kasargod