സായാഹ്ന ഒ.പി. ഉടന്‍ പുനഃസ്ഥാപിക്കണം -ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ.

Posted on: 25 Aug 2015കാഞ്ഞങ്ങാട്: ജില്ലാ ആസ്​പത്രിയില്‍ സായാഹ്ന ഒ.പി. അടിയന്തരമായും പുനഃസ്ഥാപിക്കണമെന്നും ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തണമെന്നും ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ജൂണ്‍ 29-ന് നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് വകുപ്പ്മന്ത്രി നല്കിയ ഉറപ്പ് പാലിച്ചിട്ടില്ലെന്നും എം.എല്‍.എ. പറഞ്ഞു. അപകടംപോലുള്ള സംഭവങ്ങളുണ്ടാകുന്‌പോള്‍ അടിയന്തരചികിത്സ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണം. അടിയന്തരഘട്ടത്തില്‍ ആസ്​പത്രിയുടെ അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കാത്തത് ഇവിടെ എത്തിച്ചേരുന്ന രോഗികള്‍ക്ക് ദുരിതമായിട്ടുണ്ട്. ആരോഗ്യമന്ത്രി ഉദ്ഘാടനംചെയ്ത സി.ടി. സ്‌കാനറും ഡയാലിസിസ് യൂണിറ്റും ബ്ലഡ് കംപോണന്റ് സെപ്പറേഷന്‍ യൂണിറ്റും മതിയായ ഉപകരണങ്ങളും ടെക്‌നീഷ്യന്‍മാരും ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനരഹിതമാണ്. ഞായറാഴ്ച വൈകുന്നേരം മാവുങ്കാലില്‍ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ചികിത്സയ്ക്കായി എത്തിയവര്‍ക്ക് മതിയായ ചികിത്സ ലഭിക്കാതെ മണിക്കൂറുകളോളം നില്‌ക്കേണ്ട സ്ഥിതിയുണ്ടായെന്നും വിവരമറിഞ്ഞ താന്‍ ആശുപത്രിയില്‍ നേരിട്ടെത്തി ഡി.എം.ഒ., സൂപ്രണ്ട് എന്നിവരുമായി ബന്ധപ്പെട്ട്് ചികിത്സാസൗകര്യം ഏര്‍പ്പെടുത്തുകയായിരുന്നുവെന്നും എം.എല്‍.എ. പറഞ്ഞു. ആവശ്യത്തിന് മരുന്നുകളും ബാന്‍ഡേജുകളും ഇല്ലാതെ പുറമെനിന്ന് രോഗികളെക്കൊണ്ട് വാങ്ങിപ്പിക്കുന്ന സ്ഥിതിയുണ്ടായത് നീതീകരിക്കാന്‍ സാധിക്കാത്തതാണെന്നും എം.എല്‍.എ. പറഞ്ഞു.

More Citizen News - Kasargod