ബെള്ളൂരില്‍ ഗ്രാമപ്പഞ്ചായത്ത് ലൈബ്രറി ഒരുങ്ങി ഉദ്ഘാടനം 31-ന്
Posted on: 25 Aug 2015
കാസര്‍കോട്: ബെള്ളൂരില്‍ ഗ്രാമപ്പഞ്ചായത്ത് ലൈബ്രറി കെട്ടിടം ഒരുങ്ങി. ലോകബാങ്കിന്റെ 6.60 ലക്ഷം രൂപ ഉപയോഗിച്ചാണ് ബെള്ളൂരില്‍ രണ്ട് മുറികളോടുകൂടിയ ലൈബ്രറിക്കായി കെട്ടിടം ഒരുക്കിയത്. കെട്ടിടം 31-ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. അന്തരിച്ച തുളുകവി ഡോ. വെങ്കിട്ടറായ പുണിഞ്ചിത്തായയുടെ പേരിലായിരിക്കും ലൈബ്രറി അറിയപ്പെടുക. മലയാളം, കന്നട വിഭാഗത്തിലുള്ള 45,000 രൂപയുടെ പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ഒരുക്കുക. പഞ്ചായത്തിന്റെ പ്ലാനിങ് ഫണ്ടാണ് പുസ്തകം വാങ്ങാന്‍ ഉപയോഗിക്കുക. ഒരു ലൈബ്രേറിയനെ നിയമിക്കും. ലൈബ്രേറിയനുള്ള വേതനം പഞ്ചായത്ത് നല്‍കും. രാവിലെ 10 മുതല്‍ അഞ്ചുവരെയായിരിക്കും ലൈബ്രറി പ്രവര്‍ത്തിക്കുക. 2013-14 കാലഘട്ടത്തിലാണ് ബെള്ളൂര്‍ ഗ്രാമപ്പഞ്ചായത്ത് ലൈബ്രറി നിര്‍മിക്കാന്‍ പദ്ധതിയിട്ടത്.