കാസര്‍കോട് നഗരസഭ പട്ടികജാതി കുടുംബങ്ങള്‍ക്കുള്ള ഫ്ലറ്റ് ഉദ്ഘാടനം ചെയ്തു
Posted on: 25 Aug 2015
കാസര്‍കോട്: ഭൂമിയും വീടുമില്ലാത്ത പട്ടികജാതി കുടുംബങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് കാസര്‍കോട് നഗരസഭ വിഭാവനം ചെയ്ത ഫ്ലറ്റിന്റെ ഉദ്ഘാടനം എം.ജി. കോളനിയില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വഹിച്ചു. മഹാത്മാഗാന്ധി കോളനിയില്‍ 70 സെന്റ് സ്ഥലത്ത് ഒരു കിടപ്പുമുറി, ഹാള്‍, അടുക്കള, കുളിമുറി എന്നീ സൗകര്യങ്ങളോടുകൂടിയ 12 ഫ്ലറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. ജലസേചനസൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫ്ലറ്റിന്റെ നിര്‍മാണപ്രവൃത്തികള്‍ക്ക് 95 ലക്ഷം രൂപ ചെലവഴിച്ചു. കാസര്‍കോട് നഗരസഭയുടെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ എസ്.സി. പ്ലാന്‍ ഫണ്ടില്‍നിന്നാണ് നിര്‍മാണത്തിനുള്ള തുക വകയിരുത്തിയത്.
സാമ്പത്തികപ്രയാസം നേരിടുന്ന ഭൂ-ഭവന രഹിതരായ പട്ടികജാതി കുടുംബങ്ങള്‍ക്ക് സ്വന്തമായി സ്ഥലവും വീടും ലഭ്യമാകുന്നതുവരെ താത്കാലിക വാസസ്ഥാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. പട്ടിക വിഭാഗത്തിന് മെച്ചപ്പെട്ട ജീവിതസൗകര്യം നല്‍കുന്നതിനും ഒരേ സ്ഥലത്തേക്ക് കൂടുതല്‍ അടിസ്ഥാനസൗകര്യങ്ങള്‍ നല്‍കുന്നതിനും ഇതുവഴി സാധിക്കും. ഈ ഫ്ലറ്റിനോട് ചേര്‍ന്ന് ഒരു അങ്കണവാടികൂടി സ്ഥാപിച്ചിട്ടുണ്ട്.
നഗരസഭാ ചെയര്മാന് ടി.ഇ.അബ്ദുല്ല അധ്യക്ഷതവഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ഇ.അബ്ദുറഹ്മാന്കുഞ്ഞു മാഷ്, ജി.നാരായണന്, കൗണ്‍സിലര്‍മാരായ കലാവതി, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, ചന്ദ്രശേഖരന്, നജ്മുന്നിസ, സുമയ്യ മൊയ്തീന്, മുന്‍ കൗണ്‍സിലര്‍ ഭാസ്കരന്, മൊയ്തീന്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അബ്ബാസ് ബീഗം എസ്.സി.ഡി.ഒ. പി.ബി.ബഷീര്‍ എന്നിവര്‍ സംസാരിച്ചു.