സങ്കടം പറഞ്ഞ് സാക്ഷരതാ പ്രേരക്കുമാര്‍; ഇന്ന് കഞ്ഞിവെച്ച് പ്രതിഷേധം

Posted on: 25 Aug 2015കാഞ്ഞങ്ങാട്: നാടൊട്ടുക്കും നടന്ന് നിരക്ഷരായവരെ കണ്ടെത്തി അക്ഷരാഭ്യാസം നല്കുന്നവര്‍ മാത്രമണോ സാക്ഷരതാ പ്രേരക്കുമാര്‍. അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് തെറ്റിയെന്ന് ചൂണ്ടിക്കാട്ടിയും പ്രയാസങ്ങള്‍ നിരത്തിയും പ്രതിഷേധസ്വരം ഉയര്‍ത്തുകയാണിവര്‍. തുല്യതാ ക്ലാസുകളും ബോധവത്കരണവുമായി ഇതര മേഖലയിലേക്ക് കടന്നുചെന്നുള്ള പ്രവര്‍ത്തനമാണിന്ന് സാക്ഷരതാ പ്രേരക്കുമാരുടേത്. ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കുമ്പോള്‍ അതിനുമുന്നില്‍ തിരിഞ്ഞുനില്‍ക്കുന്ന അധികാരികളുടെ സമീപനത്തിനെതിരെ സംഘടിച്ച് സമരം നടത്തുകയാണിവര്‍. സമരത്തിന്റെ ഭാഗമായി ചൊവ്വാഴ്ച കാസര്‍കോട് ജില്ലയിലെ മുഴുവന്‍ സാക്ഷരതാ പ്രേരക്കുമാരും കഞ്ഞിവെച്ച് സമരം നടത്തും. രാവിലെ 10ന് ജില്ലാ സാക്ഷരതാ ഓഫീസിനുമുമ്പിലാണ് കഞ്ഞിവെപ്പ് പ്രതിഷേധം. അടുത്തമാസം സെക്രട്ടേറിയറ്റിനുമുന്നില്‍ പട്ടിണികിടന്ന് നടത്തുന്ന സമരത്തിന്റെ മുന്നോടിയായാണ് കഞ്ഞിവെപ്പ്‌സമരമെന്ന് സാക്ഷരതാ പ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്രട്ടറി ആയിഷാ മുഹമ്മദ് പറഞ്ഞു. പത്തുവര്‍ഷം താത്കാലികമായി പണിയെടുത്ത പല വിഭാഗത്തിലുള്ള ജീവനക്കാരെ തദ്ദേശസ്ഥാപനങ്ങള്‍ സ്ഥിരപ്പെടുത്തിയപ്പോള്‍ പ്രേരക്കുരെ മാത്രം മാറ്റിനിര്‍ത്തിയത് അവഗണനയുടെ ഒന്നാമത്തെ ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇ.എസ്.ഐ.യും പെന്‍ഷനും ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായെന്നും പ്രേരക്കുമാര്‍ പറയുന്നു. പ്രേരക്കുമാരുടെ സേവന-വേതന വ്യവസ്ഥകള്‍ നിര്‍ണയിക്കുക, തൊഴില്‍നിയമത്തിന്റെ പരിധിയില്‍ സാക്ഷരതാ പ്രേരക്കുമാരെ ഉള്‍പ്പെടുത്തുക, തുടര്‍വിദ്യാഭ്യാസ സെസ് ഏര്‍പ്പെടുത്തുക, യാത്രാബത്തയും ഓണറേറിയവും കാലോചിതമായി പരിഷ്‌കരിക്കുക എന്നീ ആവശ്യങ്ങളാണ് സംഘടന ഉന്നയിക്കുന്നത്. മറ്റെല്ലാ വിഭാഗക്കാരെയും പോലെ രാവിലെ പത്തുമുതല്‍ അഞ്ചുവരെ തന്നെയാണ് ഇവരുടെ ജോലിസമയവും. മുമ്പ് അക്ഷരം പഠിപ്പിക്കുക മാത്രമായിരുന്നു ഇവരുടെ ജോലി. എന്നാല്‍, എല്ലാവരും സാക്ഷരരായപ്പോള്‍ നാല്, ഏഴ്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് എന്നീ ക്ലാസുകള്‍ക്ക് തുല്യമായ പഠനപ്രവര്‍ത്തനവും ഇവര്‍ നടത്തണം. തുടര്‍വിദ്യാഭ്യാസ കോഴ്‌സെന്ന പേരില്‍ ഇത്തരത്തില്‍ കൂടുതല്‍ ജോലിഭാരമേല്‍ക്കേണ്ടിവരുമ്പോഴും കേവലം സാക്ഷരതാ പ്രേരക്കുമാര്‍ മാത്രമായി കണ്ടാണ് സര്‍ക്കാര്‍ തങ്ങള്‍ക്ക് ആനുകൂല്യം നല്കുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

More Citizen News - Kasargod