ജോലിഭാരത്താല്‍ പൊറുതിമുട്ടി ട്രഷറി ജീവനക്കാര്‍

Posted on: 25 Aug 2015ഒഴിവുകള്‍ നികത്തുന്നില്ല


കരിവെള്ളൂര്‍:
ഒഴിവുകള്‍ നികത്താത്തതുമൂലം സംസ്ഥാനത്തെ ട്രഷറി ജീവനക്കാര്‍ ജോലിഭാരത്താല്‍ കഷ്ടപ്പെടുന്നു. ഓണത്തിനുമുമ്പ് ശമ്പളവും അലവന്‍സും നല്കുന്നതിന് രാവുംപകലും ജോലിചെയ്യേണ്ട അവസ്ഥയിലാണ് ഭൂരിഭാഗം ട്രഷറികളിലെയും ജീവനക്കാര്‍. ആറുമാസമായി സ്ഥാനക്കയറ്റം നടക്കാത്തതാണ് ട്രഷറി ജീവനക്കാരുടെ ജോലിഭാരം ഇരട്ടിയാക്കിയത്. സംസ്ഥാനത്തെ 23 ജില്ലാ ട്രഷറി ഓഫീസര്‍മാരുടെ കസേരകളില്‍ 18 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. സബ്ട്രഷറി ഓഫീസര്‍മാരുടെ കാര്യവും വ്യത്യസ്തമല്ല. കാസര്‍കോട് ജില്ലയിലെ നീലേശ്വരം, വെള്ളരിക്കുണ്ട്, ചട്ടഞ്ചാല്‍, മാലക്കല്ല് സബ് ട്രഷറികളില്‍ ഓഫീസര്‍മാരില്ല. കണ്ണൂര്‍ജില്ലയില്‍ ചക്കരക്കല്‍, തലശ്ശേരി ട്രഷറി ഓഫീസര്‍മാരുടെ കസേരയും ഒഴിഞ്ഞുകിടക്കുന്നു. സംസ്ഥാനത്താകെ 60 സബ്ട്രഷറി ഓഫീസര്‍മാരുടെ ഒഴിവുകളുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്.
അന്തര്‍ജില്ലാ സ്ഥലംമാറ്റം വാങ്ങി എത്തിയവരുടെ സീനിയോറിറ്റി സംബന്ധിച്ച തര്‍ക്കമാണ് സ്ഥാനക്കയറ്റം വൈകുന്നതിന് ട്രഷറിവകുപ്പ് പറയുന്ന കാരണം. എന്നാല്‍, താത്കാലികമായി സ്ഥാനക്കയറ്റം നല്കുന്നതിന് രണ്ടുമാസംമുമ്പ് ഹൈക്കോടതി അനുമതി നല്കിയിരുന്നെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഓണക്കാലത്തെ തിരക്കിനുമുമ്പ് സ്ഥാനക്കയറ്റം നല്കി ജോലിഭാരം കുറയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജീവനക്കാര്‍. ഇപ്പോള്‍ മിക്ക ട്രഷറികളിലും ഓരോ ജീവനക്കാരനും രണ്ടോ മൂന്നോ പേരുടെ േജാലിചെയ്യേണ്ട അവസ്ഥയിലാണ്. മുഴുവന്‍ തസ്തികകളിലും ജീവനക്കാരുണ്ടായാലും ഓണക്കാലത്തെയും മാര്‍ച്ചുമാസത്തെയും തിരക്കുകള്‍ മറികടക്കാന്‍ വളരെയധികം ബുദ്ധിമുട്ടാറുണ്ട്. ആഗസ്ത് 18-മുതലാണ് ഈ വര്‍ഷത്തെ ഓണം അലവന്‍സും ശമ്പളവും നല്കാന്‍ തുടങ്ങിയത്. ഒരു സ്ഥാപനത്തിനുതന്നെ നാലു തരത്തിലുള്ള ബില്ലുകള്‍ ഉണ്ടാകും. ഇവയൊക്കെ പരിശോധിച്ച് 26-നു മുമ്പ് പാസാക്കി നല്കണമെങ്കില്‍ മാത്രം ഉറക്കമൊഴിച്ചിരിക്കേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍. കൂടാതെ ആയിരക്കണക്കിന് പെന്‍ഷന്‍ കണക്കുകളും കൈകാര്യം ചെയ്യം.
ഓണക്കാലത്തെയും മാര്‍ച്ച് മാസത്തെയും അധികതിരക്കുകള്‍ കൈകാര്യംചെയ്യുന്നതിന് ട്രഷറി ജീവനക്കാര്‍ക്ക് പ്രത്യേക അലവന്‍സ് നല്കാറുണ്ട്. കുറഞ്ഞ തുകയാണെങ്കിലും ഈ അലവന്‍സും കൃത്യമായി നല്കാറില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ട്രഷറികളില്‍ ജീവനക്കാര്‍ കുറഞ്ഞതുമൂലം പെന്‍ഷനുമായെത്തുന്നവര്‍ മണിക്കൂറുകളോളം കാത്തുനില്‌ക്കേണ്ട അവസ്ഥയാണ്.

More Citizen News - Kasargod