പുതുക്കിപ്പണിത മീന്ചന്തക്കെട്ടിടത്തില് മാലിന്യം
Posted on: 23 Aug 2015
നീലേശ്വരം: ലക്ഷങ്ങള്‍ ചെലവഴിച്ച്് പുതുക്കിപ്പണിത നീലേശ്വരം നഗരസഭയുടെ മീന്ചന്തക്കെട്ടിടത്തില് നഗരസഭ ജീവനക്കാര്‍ മാലിന്യംകൊണ്ടിട്ടു. മത്സ്യമാര്‍ക്കറ്റിനായി പേരോലില്‍ പുതുക്കിപണിത് പെയിന്റിങ് ജോലികള്‍ പൂര്‍ത്തീകരിച്ച ഷട്ടറിട്ട മുറിയിലാണ് മാലിന്യംതള്ളിയത്.
ശനിയാഴ്ച രാവിലെ ലോറിയില്‍ മാലിന്യവുമായി എത്തിയ ജീവനക്കാരെ നാട്ടുകാര്‍ സംഘടിച്ച് ചോദ്യംചെയ്തപ്പോള്‍ ലോറിയും മാലിന്യവുമായി സ്ഥലംവിട്ടു. മാലിന്യനിക്ഷേപം തടഞ്ഞ നാട്ടുകാര്‍ മുറിയില്‍നിന്ന് ദുര്ഗന്ധംവമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ തുറന്നുനോക്കിയപ്പോഴാണ് മാലിന്യം കൂട്ടിയിട്ടത് കണ്ടത്.
പത്ത് മുറികളുള്ള കെട്ടിടം അടുത്തിടെയാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് പെയിന്റടിച്ച് മോടിപിടിപ്പിച്ചത്. അടുത്തദിവസം ഉദ്ഘാടനം ചെയ്യാനിരുന്ന കെട്ടിടത്തില്‍ മാലിന്യംതള്ളിയ നടപടിയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നീലേശ്വരത്ത് ഭരണസമിതി കാലാവധി അവസാനിക്കാറായിട്ടും നഗരസഭ മീന്‍ചന്ത നിര്‍മിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പലയിടത്തും മത്സ്യവില്പനകേന്ദ്രങ്ങള് പ്രവര്‍ത്തിച്ചുവരികയായിരുന്നു. അതിനിടയിലാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് പേരോലില്‍ നിര്‍മിച്ച മീന്‍ചന്ത പുതുക്കിപ്പണിയാന്‍ നഗരസഭ തയ്യാറായത്. നിയുക്ത മാര്‍ക്കറ്റിലെ കടമുറികള്‍ കച്ചവടാവശ്യങ്ങള്‍ക്കായി ലേലംചെയ്യുന്നതടക്കമുള്ള നീക്കങ്ങള്‍ക്കിടയിലാണ് അത്യന്തം പുതുമയാര്‍ന്ന രീതിയില്‍ നഗരസഭയുടെ ജീവനക്കാര്‍തന്നെ മാലിന്യങ്ങള്‍ കെട്ടിടമുറിയില്‍ നിക്ഷേപിച്ച് ഷട്ടറടച്ച് രക്ഷപ്പെട്ടത്. ജീവനക്കാരെ ചോദ്യംചെയ്ത നാട്ടുകാരുടെ ചോദ്യങ്ങള്‍ക്കുമുമ്പില്‍ മറുപടിപറയാനാവാതെ ലോറിയുമായി സ്ഥലം വിട്ടതിനാല്‍ പ്രശ്നങ്ങള്‍ ഒഴിവായി.