കുടുംബശ്രീ വാര്‍ഷികാഘോഷം: ജില്ലാതല കലാകായിക മത്സരങ്ങള്‍ തുടങ്ങി
Posted on: 23 Aug 2015
കുറ്റിക്കോല്‍ സി.ഡി.എസ്. മുന്നില്‍
പെരിയ: കുടുംബശ്രീ 17-ാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല കലാകായിക മത്സരങ്ങള്‍ പെരിയയില്‍ തുടങ്ങി. 39 കുടുംബശ്രീ സി.ഡി.എസ്സുകളില്‍ നിന്നായി 1200-ലേറെ കുടുംബശ്രീ പ്രവര്‍ത്തകര്‍ മത്സരിക്കാനെത്തി. കായിക മത്സരങ്ങളില്‍ കുറ്റിക്കോല്‍ സി.ഡി.എസ്. 28 പോയിന്റ് നേടി ഒന്നാമതെത്തി. കാറഡുക്ക സി.ഡി.എസ്. 22 പോയിന്റ് നേടി രണ്ടാമതെത്തി. വടംവലി മത്സരത്തില്‍ കള്ളാര്‍ സി.ഡി.എസ്. ഒന്നാംസ്ഥാനവും കിനാനൂര്‍-കരിന്തളം സി.ഡി.എസ്. രണ്ടാംസ്ഥാനവും നേടി.
വാശിയേറിയ മത്സരങ്ങളാണ് നടന്നത്. മഴമൂലം വടംവലി മത്സരം ഞായറാഴ്ചത്തേക്ക് മാറ്റി. ജില്ലാമിഷന് കോ ഓര്‍ഡിനേറ്റര്‍ അബ്ദുള്‍മജീദ് ചെമ്പരിക്ക പതാക ഉയര്‍ത്തിയതോടെയാണ് ശനിയാഴ്ച വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് കുടുംബശ്രീ കായികതാരങ്ങളുടെ മാര്‍ച്ച്പാസ്റ്റില്‍ കാസര്‍കോട് ആര്.ഡി.ഒ. ഡോ. പി.കെ.ജയശ്രീ സല്യൂട്ട് സ്വീകരിച്ചു. ഞായറാഴ്ച രാവിലെ 9.30ന് ഉദ്ഘാടനസമ്മേളനം നടക്കും. തുടര്‍ന്ന് വിവിധ കലാമത്സരങ്ങള്‍ നടക്കും.