മന്ത്രി ബാബുവിനെതിരെ കേസെടുക്കണം -എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സംയുക്തസമരസമിതി
Posted on: 23 Aug 2015
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിക്കുമ്പോള്‍ താന്‍ പ്ലാന്റേഷന് കോര്‍പ്പറേഷന്റെ ബോര്‍ഡ് മെമ്പറായിരുന്നുവെന്നും ആ ഹെലികോപ്റ്ററില്‍ താന്‍ കയറിയിരുന്നുവെന്നും തുറന്നുപറഞ്ഞ മന്ത്രി കെ.ബാബുവിനെതിരെ കേസെടുക്കണമെന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സംയുക്തസമരസമിതി ആവശ്യപ്പെട്ടു. വ്യോമയാനമന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് അന്ന് കാസര്‍കോടന്‍ ഗ്രാമത്തിനുമുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതെന്ന് പ്ലാന്റേഷന് കോര്പ്പറേഷന് അധികാരികള്‍തന്നെ സമ്മതിച്ചതാണ്. കീടനാശിനി തളിക്കുന്നകാര്യം വ്യക്തമായിട്ടും അത് തടയാന്‍ ബാബു തയ്യാറായിട്ടില്ല. അതിന്റെ കാഠിന്യം അന്ന് അറിയില്ലായിരുന്നുവെന്നുപറഞ്ഞ് ഒഴിയാനാകില്ല. അറിയാതെ ചെയ്തതാണെങ്കിലും തെറ്റ് തെറ്റല്ലാതാകുന്നില്ല. 35 വര്‍ഷത്തിനുശേഷം ഇത് തുറന്നുപറയുമ്പോള്‍ ഈ കീടനാശിനി കൊന്നതും ജീവച്ഛവമാക്കിയതും എത്രയെത്ര ആളുകളെയാണെന്നുകൂടി കെ.ബാബു ഓര്‍ക്കണം. വെറുമൊരു രാഷ്ട്രീയനേതാവായിട്ടല്ല അന്ന് ബാബു കാസര്‍കോട്ടെത്തി പ്ലാന്റേഷന് കോര്‍പ്പറേഷന്റെ സ്ഥലങ്ങള്‍ പറന്നുകണ്ടത്. ഈ കീടനാശിനി തളിക്കാന്‍ തീരുമാനിച്ച കോര്‍പ്പറേഷന്റെ ബോര്‍ഡംഗമെന്ന നിലയിലാണ് വടക്കിന്റെ മണ്ണിലേക്ക് അദ്ദേഹം എത്തിയത്. ഒരിക്കലും ഇത്തരം ചൂണ്ടിക്കാട്ടലുകളില്നിന്ന് അദ്ദേഹത്തിന് ഒഴിയാനാകില്ലെന്നും സംയുക്ത സമരസമിതി ചെയര്മാന് ഡോ. അംബികാസുതന്‍ മാങ്ങാടും ജനറല്‍ കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞിക്കൃഷ്ണനും പറഞ്ഞു.