കുഞ്ഞുസ്വപ്നങ്ങളും നൊമ്പരങ്ങളും പങ്കുവെയ്ക്കാന്‍ ഇനി ബബിനക്കൊപ്പം ബാബുവില്ല
Posted on: 23 Aug 2015
കാഞ്ഞങ്ങാട്: കുഞ്ഞുസ്വപ്നങ്ങളും നൊമ്പരങ്ങളും പങ്കുവെക്കാന്‍ ഇനി ബാബുവില്ല. ബബിനയെയും കുടുംബത്തെയും തനിച്ചാക്കി കഴിഞ്ഞദിവസം ബാബു ഈലോകത്തോടു വിടപറഞ്ഞു. ജില്ലാ ആസ്പത്രിയിലെ പാലിയേറ്റീവ് വാര്‍ഡില്‍ അര്‍ബുദത്തോട് മല്ലടിച്ച് കിടക്കുന്ന നെല്ലിയടുക്കത്തെ ബാബുവിന്റെയും കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം പൂര്‍ത്തിയാക്കാനാകാതെ അച്ഛനെ പരിചരിച്ച് കഴിയുന്ന ബബിനയുടെയും സങ്കടം രണ്ടാഴ്ചമുമ്പാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത്. ഒട്ടേറെ സഹായങ്ങള്‍ ഇതുവഴി കിട്ടിയിരുന്നു.
കഴിഞ്ഞദിവസം രോഗം മൂര്‍ച്ഛിച്ച ബാബു ജില്ലാ ആസ്പത്രിക്കിടക്കയില്‍ മരണത്തിനു കീഴടങ്ങി. അമ്മ പ്രേമയ്ക്ക് കൂലിപ്പണിയെടുത്തുകിട്ടുന്ന തുകകൊണ്ട് തന്നെ പഠിപ്പിക്കാനും അച്ഛന്റെ ചികിത്സനടത്താനും കഴിയില്ലെന്ന ബോധ്യമാണ് ബബിനയെ പാതിയില്‍ പഠനം ഉപേക്ഷിക്കുന്നതിലേക്കെത്തിച്ചത്. സഹോദരന് കമ്പ്യൂട്ടര്‍ അക്കൗണ്ടിങ്ങിന് പഠിക്കുന്ന ബബിഷിനെയും അമ്മയെയും ചേര്‍ത്തുപിടിച്ച് കരയുന്ന ബബിനയ്ക്ക് അച്ഛന്റെ സ്വപ്നം പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യമാണിനിയുള്ളത്. പാതിയിലായ കോഴ്സ് പൂര്‍ത്തിയാക്കി ബിരുദധാരിയാകണം. എല്ലാ സ്വപ്നങ്ങളും നിറമുള്ളതാക്കാന്‍ അമ്മയ്ക്ക് കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ട് കഴിയുമോയെന്ന ചോദ്യമാണ് ബബിനയുടെ മനസ്സുനിറയെ.