പടന്ന നിലനിര്‍ത്താന്‍ എല്‍.ഡി.എഫ്.; പിടിച്ചടക്കാന്‍ യു.ഡി.എഫ്.
Posted on: 22 Aug 2015
രൂപവത്കരണം 1962
ജനസംഖ്യ 28444
വിസ്തീര്‍ണം 13.39 ച.കി.മീ
ആകെ വാര്‍ഡുകള്‍ 14
കക്ഷിനില
സി.പി.എം. 8
ഐ.യു.എം.എല്‍ 5
കോണ്‍. 1
പടന്ന: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ തന്നെ വിവാദങ്ങളും സംഘര്‍ഷങ്ങളുംകൊണ്ട് ശ്രദ്ധാകേന്ദ്രമാകുന്ന പഞ്ചായത്താണ് പടന്ന. എല്‍.ഡി.എഫ്.- യു.ഡി.എഫ്. കക്ഷികള്‍ ബലാബലമുള്ള പഞ്ചായത്ത് ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫും പിടിച്ചടക്കാന്‍ യു.ഡി.എഫും തന്ത്രങ്ങള്‍ മെനയുകയാണ്. ഭരണം പിടിച്ചടക്കാന്‍ ഇരുകക്ഷികളും സംസ്ഥാന ഭരണത്തിന്റെ സ്വാധീനത്തില്‍ നടപ്പാക്കിവരുന്ന വാര്ഡുവിഭജനമാണ് എല്ലാക്കാലത്തും വിവാദമാകാറുള്ളത്. ഇത്തവണയും ഇതുസംബന്ധിച്ച തര്‍ക്കങ്ങള്‍ ഹൈക്കോടതിവരെ എത്തിയിരിക്കുകയാണ്. പഞ്ചായത്ത് ഭരിക്കുന്ന സി.പി.എമ്മിന്റെയും സംസ്ഥാന ഭരണസ്വാധീനത്തില്‍ യു.ഡി.എഫിന്റെയും സമ്മര്‍ദംമൂലം മാസങ്ങളായി അവധിയില്‍പോയ സെക്രട്ടറിക്ക് പകരം അസി. സെക്രട്ടറിയാണ് വാര്ഡ്വിഭജന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. ഇതേച്ചൊല്ലി എല്‍.ഡി.എഫ്. പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തിയിരുന്നു. ഉദ്യാഗസ്ഥര്‍ പോലീസ് സംരക്ഷണത്തില്‍ ജോലിചെയ്യുന്ന അവസ്ഥപോലും ഉണ്ടായിരുന്നു.
സമീപ പഞ്ചായത്തുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നും ഇരുവിഭാഗങ്ങള്‍ക്കും ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നില്ല. 300 ഹെക്ടറോളം പ്രദേശത്തെ നെല്‍ക്കൃഷി നാശത്തിനിടയാക്കിയ എടച്ചാക്കൈ അണക്കെട്ടിന്റെ തകര്‍ച്ച കാണാനോ പുനര്‍നിര്‍മാണത്തിന് കര്‍മപദ്ധതി നടപ്പാക്കാനോ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തിന് സാധിക്കാത്തത് കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. പരസ്പരം കുറ്റപ്പെടുത്തുന്ന മുന്നണികള്‍ പഞ്ചായത്തിലും സംസ്ഥാന ഭരണത്തിലുമുള്ള സ്വാധീനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ തീര്‍ത്തും പരാജയപ്പെട്ടു.
സി.പി.എമ്മിന് ഭൂരിപക്ഷമുള്ള ഉദിനൂര്‍, മുസ്!ലിം ലീഗിന്റെ സ്വാധീനകേന്ദ്രമായ പടന്ന എന്നീ ഗ്രാമങ്ങള്‍ ചേര്‍ന്നതാണ് പടന്ന ഗ്രാമപ്പഞ്ചായത്ത്. രണ്ടു സംസ്കാരങ്ങളുടെ സംഗമമായ പഞ്ചായത്തിന്റെ ഭരണം നിര്‍ണയിക്കപ്പെടുന്നത് കേവലം ഒന്നോ രണ്ടോ സീറ്റിന്റെ ഭൂരിപക്ഷത്തിലാണ്. സി.പി.എമ്മിന്റെ ഉറച്ച സീറ്റായ ഒന്നാം വാര്‍ഡില്‍പ്പെട്ട അഴിത്തല നീലേശ്വരം നഗരസഭയോട് ചേര്‍ക്കുകയും മറ്റു വാര്‍ഡുകള്‍ യു.ഡി.എഫിന് അനുകൂലമായ രീതിയില്‍ വിഭജിച്ചുവെന്നുമാണ് സി.പി.എമ്മിന്റെ ആരോപണം. 15 വാര്‍ഡുകളാണ് പുതിയ നിര്‍ദേശത്തിലുള്ളത്. അഴിത്തല പോകുന്നതോടെ ജനസംഖ്യ കുറയുന്ന പടന്ന വില്ലേജില്‍ത്തന്നെ ഒമ്പത് വാര്‍ഡുകള്‍ ഉണ്ടാക്കുന്നത് യു.ഡി.എഫിന് കൃത്രിമ വിജയം നേടാനാണെന്ന വാദവുമായാണ് സി.പി.എം. കോടതിയില്‍ പോയിരിക്കുന്നത്.
പഞ്ചായത്തിരാജ് സംവിധാനം വന്ന ആദ്യ അഞ്ചുവര്ഷമൊഴിച്ച് കഴിഞ്ഞ 15 വര്‍ഷമായി എല്‍.ഡി.എഫ്. ആണ് ഭരിക്കുന്നത്. രണ്ടു സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ ഭരണം കൈയാളുന്ന എല്‍.ഡി.എഫ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ സമഗ്ര മേഖലയിലും വികസനക്കുതിപ്പ് നടത്തിയെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കൃഷ്ണന് അവകാശപ്പെടുന്നത്. കൃഷി, കുടിവെള്ളം, പൊതുമരാമത്ത് എന്നിവയില്‍ ത്രിതല പഞ്ചായത്ത്, എം.എല്‍.എ., എം.പി., മറ്റ് സര്‍ക്കാര്‍ ഫണ്ടുകള്‍ എന്നിവ പരമാവധി പഞ്ചായത്തിലെത്തിക്കാന്‍ കഴിഞ്ഞു. 20 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടപ്പാക്കിയത്. തീരദേശത്ത് ഉപ്പുവെള്ളം മാത്രം കുടിച്ചിരുന്ന രണ്ടായിരത്തോളം കുടുംബങ്ങള്‍ക്ക് ജലനിധി പദ്ധതിയിലൂടെ ശുദ്ധജലമെത്തിക്കാന്‍ കഴിഞ്ഞു. ബണ്ടുകെട്ടി തിരിച്ചിരുന്ന പുഴകളെ മോചിപ്പിച്ചു. കുടുംബശ്രീയിലും തൊഴിലുറപ്പ് പദ്ധതിയിലും പരമാവധി പങ്കാളിത്തം ഉറപ്പാക്കി അടിസ്ഥാനമേഖലയില്‍ ജീവിത ഭദ്രത കൈവരിച്ചു.
എന്നാല്‍, ദീര്‍ഘവീക്ഷണമില്ലാത്തതും സങ്കുചിത രാഷ്ടീയത്തില്‍ അധിഷ്ഠിതവുമായ വികസനത്തിനാണ് ഭരണസമിതി നേതൃത്വം നല്‍കിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. തനത് വരുമാനം വര്‍ധിപ്പിക്കാനുതകുന്ന പദ്ധതികളൊന്നും നടപ്പാക്കാതെ ദീര്‍ഘവീക്ഷണമില്ലാതെ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച തെക്കെക്കാട് മത്സ്യബന്ധന കേന്ദ്രം, ഉദിനൂരിലെ കുടുംബശ്രീ വിപണനകേന്ദ്രം എന്നിവ സമൂഹവിരുദ്ധരുടെ താവളമായി മാറി. പടന്ന മത്സ്യമാര്‍ക്കറ്റ് നവീകരണം എന്നപേരിലും ലക്ഷങ്ങള്‍ ചെലവഴിക്കുകയാണ്. നടക്കാവ് കാപ്പുകുളത്തില് ചതുപ്പ് നികത്തി വ്യാപാരസമുച്ചയം പണിയാന്‍ ഒരുങ്ങിയപ്പോള്‍ റവന്യു അധികൃതര്‍ തടഞ്ഞതും വ്യക്തമായ പദ്ധതിയില്ലായ്മയുടെ തെളിവായി പ്രതിപക്ഷം ആരോപിക്കുന്നു.
വികസനക്കുതിപ്പ് നടത്തി
സി.കുഞ്ഞിക്കൃഷ്ണന് (പ്രസിഡന്റ്, സി.പി.എം.)
*സംസ്ഥാനത്ത് തന്നെ ആദ്യത്തെ സംരംഭമായി അഴിത്തലയില്‍ 58 ലക്ഷം രൂപ ചെലവില്‍ കടല്‍ജല ശുദ്ധീകരണ പദ്ധതി ആരംഭിച്ചു. 142 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരമായി.
*അഞ്ചു പതിറ്റാണ്ടുകളായി കെട്ടിക്കിടന്ന് മാലിന്യം നിറഞ്ഞ എടക്കി പുഴയെ കനാല്‍ നിര്‍മിച്ച് കവ്വായി പുഴയില്‍ ചേര്‍ത്തു. തെക്കെക്കാട് ബണ്ട് റോഡിലും കള്‍വെര്‍ട്ട് നിര്‍മിച്ച് പുഴകളെ തമ്മില്‍ ബന്ധിപ്പിച്ചു.
*മുന്നൂറോളം കിടപ്പുരോഗികള്‍ക്ക് ആശ്വാസമേകാന്‍ പ്രതിവര്‍ഷം നാലുലക്ഷം രൂപ ചെലവുവരുന്ന പദ്ധതികള്‍ നടപ്പാക്കി. കിടപ്പുരോഗികളെ വീട്ടിലെത്തി പരിചരിക്കാനായി സ്ഥിരം നഴ്സിനെ നിയമിച്ചു.
*ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായതോടെ മഴക്കാല രോഗങ്ങള്‍ തടയാന്‍ കഴിഞ്ഞു. കൊതുകുജന്യ രോഗങ്ങളില്ലാത്ത പഞ്ചായത്തായി മാറ്റാന്‍ കഴിഞ്ഞു.
* പഞ്ചായത്തിലെ മുഴുവന്‍ റോഡുകളും ടാര്‍ ചെയ്ത് ഗതാതത യോഗ്യമാക്കി. നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഭവനനിര്‍മാണ പദ്ധതി ലക്ഷ്യം കണ്ടു.
*എസ്.സി. മേഖലയില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍, ഫര്‍ണിച്ചര്‍ ലാപ്ടോപ്പ് എന്നിവ നല്കിവരുന്നു.
സങ്കുചിതമായ വികസന കാഴ്ചപ്പാട്
പി.വി.മുഹമ്മദ് അസ്ലം (പഞ്ചായത്ത് അംഗം, ഐ.യു.എം.എല്‍.)
* മൂന്നു കോടി രൂപ ജലനിധി പദ്ധതിക്കായി ചെലവഴിച്ചെങ്കിലും പഞ്ചായത്ത് അധീന ഭൂമിയില്‍പ്പോലും പുതിയൊരു കുടിവെള്ള സ്രോതസ്സ് കണ്ടെത്താനായില്ല. നിലവിലുള്ള സ്രോതസ്സുകള്‍ വിപുലീകരിക്കുമ്പോള്‍ പരിസരവാസികളുടെ എതിര്‍പ്പ് നേരിട്ടു.
*അടിസ്ഥാന സൗകര്യമില്ലാത്തതിന്റെ പേരില്‍ കിടത്തിച്ചികിത്സ നഷ്ടപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇത് പുനഃസ്ഥാപിക്കാനുള്ള വികസന പ്രവര്‍ത്തനങ്ങളൊന്നും നടപ്പാക്കിയില്ല.
*എന്‍.ആര്.എച്ച്.എം. പദ്ധതിയില്‍ ആസ്പത്രിയില്‍ അനുവദിക്കപ്പെട്ട മെഡിക്കല്‍ ലാബ് ഭൗതികസൗകര്യം ഒരുക്കിക്കൊടുക്കാത്തതിനാല്‍ നഷ്ടപ്പെട്ടു.
*പുറമ്പോക്കുഭൂമിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിഗ്രൂപ്പ് വഴക്കിന്റെ പേരില്‍ പരസ്പരം വിജിലന്‍സ് കേസും മറ്റും നിലനില്‍ക്കുന്നതിനാല്‍ തിരദേശത്തെ കര്‍ഷകര്‍ക്ക് ലീസ് അടയ്ക്കാന്‍പോലും പറ്റാതായി.
*മാലിന്യ സംസ്കരണത്തിന് നടപടികള്‍ സ്വീകരിച്ചില്ല. പഞ്ചായത്തില്‍ അഞ്ചുപേര്‍ക്ക് െഡങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
* ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകള്‍ എം.എല്‍.എ., എം.പി.ഫണ്ടുകള്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ മാത്രം പങ്കുവെച്ചു.
* കായല്‍ ടൂറിസത്തിന് അനന്തസാധ്യതകളുള്ള പഞ്ചായത്തില്‍ ഈ മേഖലയില്‍ ഒരു ചെറുവിരലനക്കാന്‍പോലും സാധിച്ചില്ല.