മാനടുക്കം കുടിവെള്ളപദ്ധതി; ഫണ്ടിനെച്ചൊല്ലി തര്‍ക്കം
Posted on: 22 Aug 2015
ബന്തടുക്ക: കുടിവെള്ളപദ്ധതിക്ക് പണം കണ്ടെത്തിയത് എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നോ പട്ടികവര്‍ഗ വികസനഫണ്ടില്‍നിന്നോ എന്നതിനെച്ചൊല്ലി ചര്‍ച്ച ചൂടുപിടിക്കുന്നു. ഒരുഭാഗത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.ഗോപാലനും മറുഭാഗത്ത് കോണ്‍ഗ്രസ് നേതൃത്വവുമാണ് തര്‍ക്കത്തിന് ചുക്കാന്‍പിടിക്കുന്നത്.
കുറ്റിക്കോല്‍ ഗ്രാമപ്പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മാനടുക്കം ശാസ്ത്രിനഗര്‍ ആദിവാസി കോളനിയിലെ 40-ല്‍ അധികം വരുന്ന കുടുംബങ്ങള്‍ക്കും സമീപവാസികള്‍ക്കും പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് പ്രാരംഭദശയില്‍തന്നെ വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. ആദിവാസി കോളനിയിലെ കുടിവെള്ളക്ഷാമം േബാധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പ്രാദേശികനേതൃത്വം ഇടപെട്ട് കൊണ്ടുവന്ന പദ്ധതിയാണ് ശാസ്ത്രിനഗറില്‍ നടപ്പാക്കിയതെന്ന് കോണ്‍ഗ്രസും എം.എല്‍.എ.യുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് അനുവദിച്ച പണമാണെന്ന് പഞ്ചായത്തും പറയുന്നു.
ഒടുവില്‍ മാനടുക്കത്തെ ഏതാനുംപേര്ചേര്ന്ന് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്കി. മറുപടിയില്‍ പട്ടികവര്‍ഗ വികസനഫണ്ടില്‍നിന്നാണ് പണം അനുവദിച്ചതെന്ന് മറുപടി ലഭിച്ചു. കോണ്‍ഗ്രസ് ഇക്കാര്യം ഫ്ലക്സ് സ്ഥാപിച്ച് നാട്ടുകാരെ അറിയിക്കുകയും ചെയ്തു.
എന്നാല്‍, കുറ്റിക്കോല്‍ ഗ്രാമപ്പഞ്ചായത്ത് കെ.കുഞ്ഞിരാമന് എം.എല്‍.എ.യെക്കൊണ്ട് പദ്ധതി ഉദ്ഘാടനം നടത്തി. പരിപാടിയില്‍നിന്ന് ഒരുവിഭാഗം ആളുകള്‍ വിട്ടുനിന്നു.