ചെറിയചാല്‍ തോട് നികത്തുന്നതായി പരാതി
Posted on: 22 Aug 2015
തൃക്കരിപ്പൂര്‍: മെട്ടമ്മല്‍, ചങ്ങാട് പ്രദേശത്ത് കുടിവെള്ളം ലഭ്യമാകുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ചെറിയചാല്‍ തോട് നികത്തുന്നതായി പരാതി.
തോടിന്റെ സമീപത്തുള്ള സ്ഥലമുടമകള്‍ തോടുഭൂമി കൈയേറി മതില്നിര്മിക്കുന്നത് തോടിനെ നശിപ്പിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. നേരത്തെയുണ്ടായിരുന്ന തോടിന്റെ വീതികുറഞ്ഞിട്ടുണ്ട്. പുതുതായി ഭിത്തി നിര്‍മിക്കുമ്പോള്‍ തോടിന് നീക്കിവെച്ച ഭാഗത്ത് വെള്ളത്തില്‍ ഭിത്തികെട്ടി പറമ്പാക്കി മാറ്റുന്നതായാണ് പരാതി. ഇതിനായി തോട്ടില്‍നിന്ന് മണ്ണെടുക്കുകയും ചെയ്യുന്നു. തോടിന്റെ വീതി കുറഞ്ഞുവരുന്നത് തോടിനെത്തന്നെ ഇല്ലാതാക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. വള്വക്കാട് പമ്പ് ഹൗസിന് സമീപം കഴിഞ്ഞദിവസം സ്ഥലമുടമ നിര്‍മിച്ച തോട്ഭിത്തി അതിര്ത്തിലംഘിച്ചാണ്. ഈ രീതിയില്‍ ഇരുഭാഗത്തും ഭിത്തികെട്ടിയാല്‍ തോടുതന്നെ ഇല്ലാതാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അനധികൃത ഭിത്തിനിര്‍മാണം തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗ്രാമപ്പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.