പേപ്പട്ടി ഭീതിയില്‍ കിനാനൂര്‍-കരിന്തളം
Posted on: 22 Aug 2015
വെള്ളരിക്കുണ്ട്: കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ പേപ്പട്ടിശല്യം മൂലം ആളുകള്‍ പൊറുതിമുട്ടി. കാല്‍നടക്കാരും വാഹനങ്ങളില്‍ പോകുന്നവരും പേപ്പട്ടി ഭീതിയിലാണ്.
ബൈക്ക് യാത്രക്കാരനെ പട്ടിക്കൂട്ടം പിന്തുടര്ന്നു കടിച്ച സംഭവമുണ്ടായി. പരപ്പച്ചാലില് പട്ടിയുടെ കടിയേറ്റ് പേയിളകിയ പശുവിനെ ഒടുവില്‍ വെടിവെച്ചു കൊല്ലേണ്ടിവന്നു. ചേനറ്റാടിയില് പശുക്കിടാവ് കടിയേറ്റ് ചത്തു. മീര്‍കാനം, വാളൂര്‍, ചിമ്മത്തോട് എന്നിവിടങ്ങളില്‍ നിരവധി ആടുകളെ കടിച്ചുകൊന്നു. കോഴികളെയും മറ്റു വളര്ത്തുജന്തുക്കളെയും ആക്രമിക്കുന്നുണ്ട്.
സ്കൂള്‍, അങ്കണവാടി കുട്ടികളും മറ്റു കാല്‍നടയാത്രക്കാരും ഭയപ്പെട്ടാണ് പോകുന്നത്. പ്രഭാതസഞ്ചാരത്തിനിറങ്ങുന്നവര്ക്കുനേരെയും പട്ടികളുടെ ഭീഷണിയുണ്ട്. ഉള്‍പ്രദേശങ്ങളില്‍ പാലും പത്രവും വിതരണം ചെയ്യുന്നവരും ഭയത്തിലാണ്.
റോഡില്‍ പട്ടികള്‍ കൂട്ടമായിനില്ക്കുന്നു. പ്രതീക്ഷിക്കാതെ ആളുകള്‍ക്കുനേരെ അക്രമം നടത്തുന്നുണ്ട്. റോഡുപരിസരത്തെ ഒഴിഞ്ഞവീടുകളുടെ വരാന്തയും മറ്റും പട്ടികളുടെ സുരക്ഷിത വാസകേന്ദ്രമാണ്. പഞ്ചായത്ത് നായ്ക്കളെ പിടിക്കാന്‍ ആളുടെ കൊണ്ടുവരുന്നുണ്ടെങ്കിലും പ്രശ്നം പരിഹരിക്കാനായിട്ടില്ല.