റെയില്വേസ്റ്റഷന് പരിസരത്ത് കഞ്ചാവുവില്പന; ഭീതിയോടെ പരിസരവാസികളും യാത്രക്കാരും
Posted on: 22 Aug 2015
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേസ്റ്റഷനില്‍ കഞ്ചാവുവില്പന വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ഇത് റെയില്വേസ്റ്റേഷന് പരിസരത്തെ മോഷ്ടാക്കളെയും പിടിച്ചുപറിക്കാരെയും അവരുടെ താവളമാക്കുന്നതിലേക്കെത്തിക്കുന്നു. സന്ധ്യമയങ്ങിയാല്‍ മദ്യപിച്ചും കഞ്ചാവടിച്ചും സമൂഹവിരുദ്ധര്‍ ഇവിടെ അഴിഞ്ഞാടുന്നു. നിര്‍ത്തിയിട്ട ബൈക്കുകളില്‍നിന്ന് ഇന്ധനമൂറ്റിയെടുക്കുക, ഇത് ചോദ്യംചെയ്താല്‍ പാര്‍ക്കിങ് നടത്തിപ്പുകാരെ കൈയേറ്റം ചെയ്യുക തുടങ്ങിയ വലിയ ദ്രോഹങ്ങളാണ് ഇവര്‍ ചെയ്യുന്നത്.
പോലീസുകാര്‍ക്കുപോലും ഇത് ചോദ്യം ചെയ്യാനാകാത്ത സ്ഥിതിയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വ്യാഴാഴ്ച രാത്രിയിലുണ്ടായത്. പിടിച്ച പ്രതി സ്റ്റേഷനിലെത്തിയപ്പോഴും അതിക്രമത്തില്‍നിന്ന് പിന്തിരിഞ്ഞില്ല. ഇത് പോലീസുകാരന് കുത്തേല്ക്കുന്നതിലേക്കെത്തിച്ചു. റെയില്‍വേ പ്ലൂറ്റ്ഫോമില് രാത്രികാലങ്ങളില്‍ തമ്പടിക്കുന്ന മോഷ്ടാക്കളുണ്ടെന്ന് പോലീസുകാര്‍ തന്നെ പറയുന്നു. എത്രയോതവണ ഇവിടെനിന്ന് മോഷ്ടാക്കള്‍ പിടിയിലായിട്ടുണ്ട്. കവര്‍ച്ചാ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോഴാണ് പലപ്പോഴും മോഷ്ടാക്കള്‍ പോലീസിന്റെ കൈകളില്‍ പെടുന്നത്. പിടിച്ചുപറിക്കാരുടെയും മോഷ്ടാക്കളുടെയും താവളമായി റെയില്‍വേ സ്റ്റേഷന് പരിസരം മാറുമ്പോള്‍ ഭീതിയിലാകുന്നത് യാത്രക്കാര്‍ മാത്രമല്ല, പരസരത്തെ കുടുംബങ്ങള്‍ കൂടിയാണ്. ഈ ഭാഗത്ത് തെരുവുവിളക്കുകള്‍ കുറവാണ്. ഉള്ളതുതന്നെ പലപ്പോഴും കത്താറുമില്ല.