കാസര്‍കോട് മത്സ്യമാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു
Posted on: 22 Aug 2015
കാസര്‍കോട്: നവീകരിച്ച മത്സ്യമാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്ന വരുമാനം മാര്‍ക്കറ്റ് നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഉപയോഗിക്കണമെന്ന് ഫീഷറീസ് മന്ത്രി കെ.ബാബു പറഞ്ഞു. നവീകരിച്ച കാസര്‍കോട് മത്സ്യമാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാസര്‍കോടിന് ഫീഷറീസ് വകുപ്പ് നല്കുന്ന ഓണസമ്മാനമാണ് രണ്ടരക്കോടി ചെലവില്‍ പണിതീര്‍ത്ത പുതിയ മാര്‍ക്കറ്റ്. തീരദേശവികസന കോര്പ്പറേഷന് എട്ട് കോടി രൂപയുടെ പദ്ധതികള്‍ കാസര്‍കോട് മണ്ഡലത്തില്‍ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്മാന് ടി.ഇ.അബ്ദുള്ള, അബ്ദുള്റഹ്മാന്കുഞ്ഞ്, താഹിറ സത്താര്‍, അബ്ബാസ് ബീഗം, യു.എസ്.ബാലന്, ജി.നാരായണന്, കെ.രഘു എന്നിവര്‍ സംസാരിച്ചു.