വിഷം തിന്ന് രോഗം വിലയ്ക്ക് വാങ്ങേണ്ട; ജൈവചന്തയൊരുക്കി കുട്ടികള്‍

Posted on: 21 Aug 2015



ചെറുവത്തൂര്‍: വിഷംതിന്ന് രോഗം വിലയ്ക്കുവാങ്ങുന്ന മലയാളിക്ക് പുതിയ സന്ദേശവുമായി പിലിക്കോട് സി.കൃഷ്ണന്‍ നായര്‍ സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ഭക്ഷണശീലത്തില്‍ ഇന്നലെകളിലേക്ക് മടങ്ങാമെന്ന് പ്രവൃത്തിയിലൂടെ കാണിക്കുകയാണ് ഇളമുറക്കാര്‍.
സ്‌കൂളിലെ സീഡ് ക്ലബ്ബ്, എന്‍.എസ്.എസ്. യുണിറ്റ്, ഹരിതസേന, ഭൂമിത്രസേന എന്നിവ ചേര്‍ന്നാണ് ജൈവചന്തയൊരുക്കിയത്. കുട്ടികള്‍ അവരവരുടെ വീടുകളില്‍ ഉത്പാദിപ്പിച്ച പച്ചക്കറി, പഴവര്‍ഗങ്ങള്‍, ജൈവ അരി, മുളയരി, വാഴക്കുല, മാതളനാരങ്ങ, മുത്തിള്‍ തുടങ്ങിയ മുപ്പതോളം ഉത്പന്നങ്ങള്‍ ചന്തയിലുണ്ടായിരുന്നു.
അധ്യാപകരും നാട്ടുകാരും ഉപഭോക്താക്കളായെത്തിയപ്പോള്‍ ഒരുമണിക്കൂര്‍ കൊണ്ട് സാധനങ്ങളെല്ലാം വിറ്റുതീര്‍ന്നു. 5000 രൂപയുടെ കച്ചവടം നടന്നു. കൈയില്‍ പൈസ വന്നപ്പോള്‍ കുട്ടികള്‍ക്ക് ആവേശമായി. വീണ്ടും ചന്തയൊരുക്കാനും തീരുമാനിച്ചു. സംപ്തംബര്‍ 18- നാണ് അടുത്ത ജൈവചന്തയെന്നും അറിയിച്ചു.
പ്രിന്‍സിപ്പല്‍ ചന്ദ്രമോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ.മനോജ്, കെ.പ്രകാരന്‍, എം.സോമനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Kasargod