ഓണം: ആഘോഷത്തിനൊരുങ്ങി ക്ലബ്ബുകളും സംഘടനകളും

Posted on: 21 Aug 2015കാസര്‍കോട്: അത്തം പിറന്നതോടെ നാട്ടിന്‍പുറങ്ങളില്‍ ഓണാഘോഷത്തിന്റെ അലയൊലികള്‍ ഉയര്‍ന്നുകഴിഞ്ഞു. സ്‌കൂളുകളും കോളജുകളും ഓണാവധിക്ക് മുമ്പുള്ള ആഘോഷത്തിലാണ്. നാട്ടിന്‍പുറങ്ങളില്‍ വിവിധ ക്ലബ്ബുകളും സന്നദ്ധസംഘടനകളും ഓണാഘോഷത്തിന് മുമ്പിലുണ്ട്.
കോട്ടിക്കുളം ഗവ. യു.പി. സ്‌കൂളില്‍ വെള്ളിയാഴ്ച ഉദുമ ഗ്രാമപ്പഞ്ചായത്തില്‍നിന്ന് സ്‌കൂള്‍ പരിസരത്തേക്ക് പുലിവേഷത്തോടെ മാവേലിയെ സ്വീകരിക്കും. ഉച്ചയ്ക്ക് ഓണസദ്യ. കാറഡുക്ക വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ചയാണ് ഓണാഘോഷം. 1200 കുട്ടികള്‍ക്ക് ഓണസദ്യയൊരുക്കുന്നതിനൊപ്പം വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കാനത്തൂര്‍ ജി.യു.പി. സ്‌കൂളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വിദ്യാര്‍ഥികളെല്ലാം ചേര്‍ന്ന് ഓണപ്പൂക്കളമൊരുക്കുന്നതോടെയാണ് 'ഓണനിലാവ്' പരിപാടിക്ക് തുടക്കമാവുക. കുട്ടികള്‍ക്കായി മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. അമ്മമാരെയും ഇവിടെ ആഘോഷപരിപാടിയില്‍ അണിചേര്‍ക്കും. പി.ടി.എ.യുടെയും മദര്‍ പി.ടി.എ.യുടെയും നേതൃത്വത്തിലുള്ള പരിപാടിയാണ് ഒരുക്കിയിട്ടുള്ളത്. പെരുമ്പള എ.കെ.ജി. സ്മാരക ഗ്രന്ഥശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാലകൈരളി ബാലവേദിയുടെ ഓണാഘോഷം ഉത്രാടനാളിലാണ് നടത്തുന്നത്. കാസര്‍കോട് കോട്ടക്കണിയിലെ സെന്റ് ജോസഫ് ചര്‍ച്ചില്‍ ഞായറാഴ്ചയാണ് ആഘോഷപരിപാടികള്‍. ഓണപ്പാട്ടുകളും ഓണക്കളികളുമൊക്കെയായി വര്‍ണാഭമായ ആഘോഷമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മുണ്ടോള്‍ പ്രിയദര്‍ശിനി ശാസ്ത്രകലാവേദിയുടെ ഓണാഘോഷം ഓണംനാളിലാണ്. രാവിലെ എട്ടിന് മഹാബലിയുടെയും വാമനന്റെയും ഗ്രാമപ്രദക്ഷിണവും കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും നടത്തുന്നുണ്ട്. ജില്ലാതല കമ്പവലി മത്സരവും നടത്തും. ഫോണ്‍: 9633364572.
പാലക്കുന്ന് റിയല്‍ ഫ്രണ്ട്‌സിന്റെ ഓണാഘോഷം ഉത്രാടംനാളിലാണ്. ചെമ്പരിക്ക ചാത്തങ്കൈയിലെ സഫ്ദര്‍ഹാശ്മി കലാകായിക കേന്ദ്രം മൂന്നുദിവസത്തെ പരിപാടികളാണ് ഇത്തവണ നടത്തുന്നത്. ഓണവില്ലെന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ തിരുവോണദിനത്തില്‍ വീടുകള്‍തോറും പൂക്കളമത്സരം നടത്തുന്നുണ്ട്. വിജയികള്‍ക്ക് കാഷ് അവാര്‍ഡും സമ്മാനിക്കും. വൈകിട്ട് മൂന്നിന് ജില്ലാതല കമ്പവലി മത്സരവും ക്ലബ് നടത്തുന്നുണ്ട്.
മുനിയൂര്‍ പഞ്ചമി ക്ലബ്ബിന്റെ ആഘോഷപരിപാടികള്‍ തിരുവോണ നാളിലാണ്. ജില്ലാതല കമ്പവലി മത്സരവും നടത്തും.
ബാര അംബാപുരം പാറക്കടവിലെ മൈത്രി വായനശാലയുടെയും യുവധാര കലാകായികവേദിയുടെയും നേതൃത്വത്തില്‍ 'ഓര്‍മയില്‍ ഓരോണം' സംഘടിപ്പിക്കും. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പരിപാടിയില്‍ പഴയ തലമുറക്കാര്‍ പുതുതലമുറയുമായി അന്നത്തെ ഓണാഘോഷത്തിന്റെ അനുഭവങ്ങള്‍ പങ്കുവെക്കും. ഓണപ്പായസവും വിതരണം ചെയ്യും.

More Citizen News - Kasargod