കുടുംബശ്രീ ജില്ലാതല കലാ-കായിക മത്സരങ്ങള്‍ നാളെ തുടങ്ങും

Posted on: 21 Aug 2015



കാസര്‍കോട്: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിലുള്ള കുടുംബശ്രീ ജില്ലാതല കലാ-കായികമത്സരങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 22-ന് രാവിലെ 9.30ന് പെരിയ സ്‌കൂള്‍ ഗ്രൗണ്ടില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അബ്ദുള്‍മജീദ് ചെമ്പരിക്ക പതാക ഉയര്‍ത്തും. കുടുംബശ്രീ കായികതാരങ്ങളുടെ മാര്‍ച്ച്പാസ്റ്റില്‍ ആര്‍.ഡി.ഒ. ഡോ. പി.കെ.ജയശ്രീ സല്യൂട്ട് സ്വീകരിക്കും. 10 മണി മുതല്‍ സ്‌പോര്‍ട്‌സ്, ഗെയിംസ് മത്സരങ്ങള്‍ നടക്കും. നാലുമണിക്ക് ശിങ്കാരിമേള മത്സരം നടക്കും. 4.15ന് സംസ്ഥാനതല കുടുംബശ്രീ വാര്‍ഷികാഘോഷ വിളംബരജാഥ നടക്കും.
23-ന് പെരിയ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കലാമത്സരങ്ങള്‍ അരങ്ങേറും. ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനംചെയ്യും. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍ അധ്യക്ഷതവഹിക്കും. കുടുംബശ്രീ സംസ്ഥാന എക്‌സിക്ക്യൂട്ടീവംഗം അഡ്വ. എന്‍.എ.ഖാലിദ് മുഖ്യാതിഥിയാകും. എം.എല്‍.എ.മാരായ ഇ.ചന്ദ്രശേഖരന്‍, എന്‍.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും.
കുടുംബശ്രീ എ.ഡി.എം. സി.കെ.വി.വിജയന്‍, എം.രേഷ്മ, പി.എച്ച്.യൂസഫ്, ജ്യോത്സനാ ജോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Kasargod