ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖം ഇന്ന് നാടിന് സമര്‍പ്പിക്കും

Posted on: 21 Aug 2015



ചെറുവത്തൂര്‍: ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖവും അഴിമുഖത്ത് പണിത പുലിമുട്ടും (ബ്രേക്ക് വാട്ടര്‍) വെള്ളിയാഴ്ച മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും.
സ്വദേശീയരുള്‍പ്പെടെയുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രകൃതിരമണീയതയാണ് ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖത്തെ വ്യത്യസ്തമാക്കുന്നത്. ഒരഴിമുഖത്തോടുചേര്‍ന്ന് രണ്ട് മത്സ്യബന്ധന തുറമുഖമുള്ളതിനാല്‍ പുലിമുട്ടിന്റെ പ്രധാന്യമേറി. നിരന്തരം അപകടം നടക്കുന്ന അഴിമുഖത്ത് പുലിമുട്ട് പണിയണമെന്ന ആവശ്യം കാല്‍ നൂറ്റാണ്ടിലേറെക്കാലത്തെ മുറവിളിക്കൊടുവിലാണ് യാഥാര്‍ഥ്യമായത്.
കക്ഷിരാഷ്ട്രീയം മറന്ന കൂട്ടായ്മയോടെയുള്ള പ്രവര്‍ത്തനഫലം കൂടിയാണ് വെള്ളിയാഴ്ച മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്.
നീലേശ്വരം തൈക്കടപ്പുറം മത്സ്യബന്ധന തുറമുഖവും ചെറുവത്തൂര്‍ മടക്കരയിലെ മത്സ്യബന്ധന തുറമുഖവും കേന്ദ്രമാക്കി സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള നിരവധി യന്ത്രവത്കൃത ബോട്ടുകളാണ് മത്സ്യബന്ധനത്തിന് പോയിക്കൊണ്ടിരുന്നത്. അഴിമുഖത്ത് രൂപപ്പെടുന്ന മണല്‍ത്തിട്ടയില്‍ തട്ടി ബോട്ടുകള്‍ തകരുന്നതും മത്സ്യത്തൊഴിലാളികളുടെ ജീവന്‍ നഷ്ടപ്പെടുന്നതും തീരദേശത്തെ വിറങ്ങലിപ്പിച്ചുകൊണ്ടിരുന്നു. വേലിയേറ്റവും വേലിയിറക്കവും നിരീക്ഷിച്ച് കടലില്‍ പോകേണ്ടുന്ന സ്ഥിതിയുണ്ടായി. മറ്റു ജില്ലകളില്‍നിന്നും സംസ്ഥാനത്തുനിന്നുമുള്ള ബോട്ടുകളുടെ വരവ് നിലച്ചു. ഈ സാഹചര്യത്തിലാണ് അഴിമുഖത്ത് പുലിമുട്ട് വേണമെന്ന ആവശ്യം ശക്തമായത്.
ചെറുവത്തൂര്‍ മടക്കരയില്‍ തുറമുഖം സ്ഥാപിച്ചാല്‍ മത്സ്യസമ്പത്ത് പരമാവധി ചൂഷണം ചെയ്യാന്‍ കഴിയുമെന്നത് ചന്ദ്രഭാനു കമ്മീഷന്‍ നിര്‍ദേശമാണ്. മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്‍ മുതലിങ്ങോട്ടുള്ള ഇടതു-വലതു സര്‍ക്കാറുകള്‍ മടക്കരയില്‍ മത്സ്യബന്ധന തുറമുഖം സ്ഥാപിക്കുന്നതിന് മുന്തിയ പരിഗണന നല്‍കി. സാങ്കേതിക കുരുക്കുകളില്‍പ്പെട്ട് പദ്ധതി നീണ്ടുപോവുകയായിരുന്നു. 29.06 കോടി രൂപ ചെലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത സംരംഭമായിട്ടാണ് അഴിമുഖത്ത് പുലിമുട്ടും ചെറുവത്തൂര്‍ കാവുംചിറയില്‍ മത്സ്യബന്ധന തുറമുഖവും യാഥാര്‍ഥ്യമാക്കിയത്. 2010 ആഗസ്ത് 11-ന് അന്നത്തെ ഫിഷറീസ് മന്ത്രി എസ്.ശര്‍മയാണ് തുറമുഖ നിര്‍മാണത്തിന് തറക്കല്ലിട്ടത്. നാലുവര്‍ഷമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
1986ലും 1990ലും തൈക്കടപ്പുറത്തും മടക്കരയിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത സംരംഭമായി ബോട്ട്‌ജെട്ടികള്‍ സ്ഥാപിച്ച് മത്സ്യബന്ധനത്തിന് തുറന്നുകൊടുത്തെങ്കിലും സൗകര്യം പരിമിതമായിരുന്നു. ഇതേത്തുടര്‍ന്നാണ് മത്സ്യബന്ധന തുറമുഖമെന്ന ആശയവുമായി നാട്ടുകാര്‍ സക്രിയരായി രംഗത്തിറങ്ങിയതും കാവുംചിറയില്‍ വിപുലീകൃത സംവിധാനങ്ങളോടെയുള്ള തുറമുഖം പണിതതും. ചെറുവത്തൂര്‍, പടന്ന, വലിയപറമ്പ്, പിലിക്കോട്, കയ്യൂര്‍-ചീമേനി, തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്തുകളിലെയും നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകളിലെയും നൂറുകണക്കായ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും തുറമുഖം ഗുണകരമാകും.
833ഉം, 803ഉം മീറ്റര്‍ നീളത്തിലാണ് അഴിമുഖത്ത് ഇരുഭാഗങ്ങളില്‍ പുലിമുട്ട് പണിതത്. 250 മിറ്ററാണ് ഇവതമ്മിലുള്ള അകലം. മണല്‍ നീക്കംചെയ്താല്‍ ചെറുകപ്പലുകള്‍ക്കും തുറമുഖത്ത് താവളമാക്കാം. ആറ് ഏക്കര്‍ 34 സെന്റ് സ്ഥലം ഉപയോഗപ്പെടുത്തിയാണ് തുറമുഖം പണിതത്. വാര്‍പ്പ്, ലേലപ്പുര, സംരക്ഷണ ഭിത്തി, റിക്ലമേഷന്‍, ഗിയര്‍ഷെഡ്, വര്‍ക്ക്‌ഷോപ്പ്, പാര്‍ക്കിങ് ഏരിയ, റസ്റ്റ്ഹൗസ്, റസ്റ്റ്‌ഷെഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം തുറമുഖത്ത് ഒരുക്കിയിട്ടുണ്ട്.
4,000 പേര്‍ക്ക് പ്രത്യക്ഷമായും പതിനായിരത്തിലധികം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാക്കാന്‍ പദ്ധതിയിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ. 1998-ല്‍ രൂപവത്കരിച്ച ഹാര്‍ബര്‍ െഡവലപ്‌മെന്റ് കമ്മിറ്റിയാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 21-ന് രാവിലെ തുറമുഖം നാടിന് സമര്‍പ്പിക്കുന്നതോടെ ഉത്തരമലബാറിന്റെ തീരദേശമേഖലയില്‍ പുത്തനുണര്‍വ് പ്രകടമാകും. ഫിഷറീസ് മന്ത്രി കെ.ബാബു, പി.കുരണാകരന്‍ എം.പി. ജില്ലയിലെയും പയ്യന്നൂരിലെയും എം.എല്‍.എ.മാര്‍, ത്രിതലപഞ്ചയത്ത് ജനപ്രതിനിധികള്‍, ഫിഷറീസ് വകുപ്പ് മേധാവികള്‍ തുടങ്ങിയവരെല്ലാം ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും.

More Citizen News - Kasargod