പ്രതികള്‍ കവര്‍ച്ചയില്‍ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി -എസ്.പി.

Posted on: 21 Aug 2015കവര്‍ന്നത് പഞ്ചലോഹവിഗ്രഹവും ചന്ദനമരങ്ങളും


കണ്ണൂര്‍: പരിയാരം മുക്കുന്ന് ആനക്കീല്‍ ഭഗവതിക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍പഴക്കമുള്ള പഞ്ചലോഹവിഗ്രഹവും ഒട്ടേറെ സ്ഥലങ്ങളില്‍നിന്ന് ചന്ദനമരങ്ങളും കവര്‍ച്ചചെയ്ത സംഘം കണ്ണൂരില്‍ പോലീസിന്റെ പിടിയിലായി.
ഉളിക്കല്‍ വേങ്ങത്താനത്ത് ഷാജിയുടെ വീടുകവര്‍ച്ചയെക്കുറിച്ചുള്ള അന്വേഷണമാണ് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു കോടിയുടെ കവര്‍ച്ച നടത്തിയ സംഘത്തെ വലയിലാക്കാന്‍ വഴിയൊരുക്കിയത്.
പരിയാരം സ്വദേശി നീര്‍ച്ചാല്‍ ഹൗസില്‍ ബിജു (32), ഉളിക്കല്‍ പരിക്കളം പടുവിലാന്‍ പ്രശാന്ത് (29), പരിയാരം പള്ളിപ്പറമ്പില്‍ ജോണ്‍സണ്‍ (37) എന്നിവരെയാണ് ഇരിട്ടി ഡിവൈ.എസ്.പി. പി.സുകുമാരന്‍, സി.ഐ. വി.വി.മനോജ് എസ്.പി.യുടെ ക്രൈംസ്‌ക്വാഡിലുള്ള എ.എസ്.ഐ. മാരായ റാഫി അഹമ്മദ്, രാജീവന്‍ കൊക്കാടന്‍, െറജി സ്‌കറിയ, സീനിയര്‍ സി.പി.ഒ. യോഗേഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റുചെയ്തത്. ബിജുവിനെയും പ്രശാന്തിനെയും ബുധനാഴ്ച വൈകിട്ട് ഇരിട്ടി ടൗണില്‍നിന്നും ജോണ്‍സണെ വ്യാഴാഴ്ച രാവിലെ പരിയാരത്തുനിന്നുമാണ് അറസ്റ്റുചെയ്തത്.
ഇരുനൂറോളം സ്വര്‍ണാഭരണങ്ങള്‍, ഡി.വി.ഡി. ,എല്‍.ഇ.ഡി. ടി.വി., ഡിജിറ്റല്‍ ക്യാമറകള്‍, മുക്കുന്ന് ഭഗവതിക്ഷേത്രത്തിലെ 400 വര്‍ഷം പഴക്കമുള്ള പഞ്ചലോഹവിഗ്രഹം ഉള്‍പ്പെടെ 50 ലക്ഷം രൂപ വിലമതിക്കുന്ന കളവുമുതലുകള്‍ ഇവരില്‍നിന്ന് കണ്ടെടുത്തു.കഴിഞ്ഞ മെയ് നാലിന് വൈകിട്ട് നടയടച്ചശേഷമാണ് ക്ഷേത്രത്തില്‍നിന്ന് വിഗ്രഹം കവര്‍ന്നത്. അതിനുമുമ്പ് ഇവിടെനിന്ന് വിഗ്രഹത്തില്‍ ചാര്‍ത്തിയ ആഭരണം പ്രതികള്‍ കവര്‍ന്നിരുന്നു.
വിഗ്രഹം വില്ക്കാനേല്പിച്ച കരിക്കോട്ടക്കരി ജോബി ജോര്‍ജിനെയും( 42) അറസ്റ്റുചെയ്തു. െബംഗളൂരുവില്‍ താമസിക്കുന്ന ഇയാളുടെ കരിക്കോട്ടക്കരിയിലെ വീട്ടില്‍നിന്നാണ് വിഗ്രഹം കണ്ടെടുത്തത്. വിഗ്രഹം പഞ്ചലോഹമാണോയെന്ന് പരിശോധിക്കാന്‍ അതിന്റെ പിറകില്‍നിന്ന് ചെറിയൊരു കഷണം മുറിച്ചെടുത്ത നിലയിലാണ്. കൂടുതല്‍ വിലകിട്ടിയാല്‍ കൊടുക്കാനായി സൂക്ഷിച്ചുവെച്ചിരിക്കുകയായിരുന്നു.
ഒരു വര്‍ഷത്തിനിടെ എറണാകുളം, കണ്ണൂര്‍, തൃശ്ശൂര്‍, കോയമ്പത്തൂര്‍, വീരാജ്‌പേട്ട എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലായി എണ്‍പതോളം കവര്‍ച്ചകള്‍ മൂവരും ചേര്‍ന്ന് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. കവര്‍ച്ചയുടെ മുഖ്യസൂത്രധാരന്‍ ബിജുവാണ്. മറ്റൊരു കേസില്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് പ്രശാന്തിനെ പരിചയപ്പെട്ടതും കൂട്ടായി മോഷണം തുടങ്ങിയതും. സുഹൃത്ത് ജോണ്‍സണെയും കൂട്ടി.
കവര്‍ച്ചനടത്തിയശേഷം ബിജു എറണാകുളത്തെ അമ്മാവന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പോലീസ് അവിടെയെത്തിയതറിഞ്ഞ് അവിടെനിന്ന് മുങ്ങി നാട്ടിലേക്ക് വന്നപ്പോഴാണ് പിടിയിലായത്. പോലീസ് പ്രതികള്‍ക്കുവേണ്ടി കോയമ്പത്തൂരിലും എറണാകുളംത്തും ദിവസങ്ങളോളം താമസിച്ച് അന്വേഷണംനടത്തിയിരുന്നു. മാങ്ങാട്ടുപറമ്പ് കെ.എ.പി. കോമ്പൗണ്ടില്‍നിന്നും തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്ര പരിസരത്തുനിന്നും ഔഷധി പ്ലാന്റേഷന്‍ എന്നിവിടങ്ങളില്‍നിന്നും ചന്ദനമരം മോഷ്ടിച്ചതും ഇവരാണെന്ന് പോലീസ് പറഞ്ഞു. മറ്റു ഇരുപതോളം ചന്ദനമോഷണക്കേസിലും ഇവര്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
25-ഓളം ക്ഷേത്രങ്ങളിലും 45-ഓളം വീടുകളിലും സംഘം കവര്‍ച്ച നടത്തിയിട്ടുണ്ട്. ഇവരെ സഹായിച്ച ചിലരെക്കൂടി പിടികൂടാനുണ്ട്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍വാങ്ങി കൂടുതല്‍ ചോദ്യംചെയ്താലേ അതൊക്കെ തെളിയിക്കാനാകൂ.
കവര്‍ച്ചാമുതലുകള്‍ പല സ്ഥലങ്ങളിലായി വില്ക്കുകയും ചെയ്തിട്ടുണ്ട്. അവയൊക്കെ കണ്ടെടുക്കാനുള്ള പരിശോധന നടക്കുന്നുണ്ട്. കേരളത്തിലെ മിക്ക ജില്ലകളിലും കര്‍ണാടകത്തിലും മോഷണംനടത്തിയതായി തെളിഞ്ഞ സാഹചര്യത്തില്‍ പ്രതികളുടെ അന്തഃസംസ്ഥാന ബന്ധവും പരിശോധിച്ചുവരികയാണ്.

കണ്ണൂര്‍:
സാധാരണ കവര്‍ച്ചാസംഘങ്ങളെപ്പോലെ ഏതെങ്കിലും ഒരു മേഖലയില്‍ കേന്ദ്രീകരിക്കുകയും ഒരേരീതിയില്‍ കവര്‍ച്ചനടത്തുകയും ചെയ്യുന്നതിനുപകരം കവര്‍ച്ചയ്ക്ക് സാധ്യമായ എല്ലാ സാധ്യതകളും മൂവര്‍സംഘം ഉപയോഗപ്പെടുത്തിയതായി ജില്ലാ പോലീസ് സൂപ്രണ്ട് പി.എന്‍.ഉണ്ണിരാജന്‍ പറഞ്ഞു.
വീടുകളില്‍ കയറി സ്ത്രീകളുടെ മാലപൊട്ടിക്കല്‍, പൂട്ടിയിട്ട വീടുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച, അതിനിടയില്‍ ചന്ദനമരം മോഷണം, അമ്പലങ്ങളില്‍ ഭണ്ഡാരം കുത്തിത്തുറക്കല്‍, തിരുവാഭരണമോഷണം, വിഗ്രഹക്കവര്‍ച്ച എന്നിങ്ങനെ സംഘം നടത്തിയിട്ടുണ്ട്. ഡി.ജി.പി.യുടെ പ്രത്യേക നിര്‍ദേശപ്രകാരം തുടങ്ങിയ സ്‌പെഷ്യല്‍ ടെമ്പിള്‍ ആന്റി തെഫ്റ്റ് ടീമിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിലെ അംഗങ്ങള്‍ ചേര്‍ന്നാണ് അന്വേഷണത്തിന് നേതൃത്വം നല്കിയിട്ടുള്ളത്. അന്വേഷണസംഘത്തിലെ അംഗങ്ങള്‍ക്ക് മികച്ച പ്രവര്‍ത്തനം പരിഗണിച്ച് പാരിതോഷികം നല്കാന്‍ ഡി.ജി.പി.ക്ക് ശുപാര്‍ശ നല്കുമെന്നും എസ്.പി. പറഞ്ഞു.
കോടതിനടപടിക്കുശേഷംമാത്രമേ വിഗ്രഹം ക്ഷേത്രം അധികൃതര്‍ക്ക് കൈമാറാനാകൂവെന്നും എസ്.പി. പറഞ്ഞു. വിഗ്രഹം കണ്ടെടുത്ത വിവരമറിഞ്ഞ് ക്ഷേത്രം അധികൃതരും എസ്.പി. ഓഫീസിലെത്തിയിരുന്നു. വിഗ്രഹം തിരികെ കിട്ടാനുള്ള നടപടിക്രമങ്ങള്‍ എസ്.പി. അവരെ ബോധ്യപ്പെടുത്തി.

More Citizen News - Kasargod