ഗാന്ധിജിയുടെ പൂര്‍ണകായപ്രതിമ തയ്യാറാകുന്നു, ഈസ്റ്റ് എളേരിയിലേക്ക്
Posted on: 21 Aug 2015
ചിറ്റാരിക്കാല്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പൂര്‍ണകായപ്രതിമ സ്ഥാപിക്കാന്‍ തയ്യാറെടുക്കുകയാണ് ഈസ്റ്റ് എളേരിഗ്രാമപ്പഞ്ചായത്ത്. ഉദ്ഘാടനത്തിനൊരുങ്ങുന്ന ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിന് മുന്നിലാണ് പ്രതിമ സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഗ്രാമപ്പഞ്ചായത്ത് കാര്യാലയമാണ് ഈസ്റ്റ് എളേരിയില്‍ പൂര്‍ത്തിയാവുന്നത്. അതിന്റെമുന്നിലാണ് ഗാന്ധിജിയുടെ പൂര്‍ണകായപ്രതിമ വരുന്നത്.
ഏഴടി ഉയരമുള്ള പ്രതിമ പൂര്‍ണമായും ഫൈബറിലാണ് നിര്‍മിക്കുന്നത്. ശില്പി ചിത്രന് കുഞ്ഞിമംഗലമാണ് പ്രതിമ നിര്‍മിക്കുത്. ഗാന്ധിജിയുടെ കണ്ണട, വസ്ത്രധാരണം മുതലായവ സ്വാഭാവികമായരീതിയില്‍ ശില്പത്തില് സമന്വയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ചിത്രന് കുഞ്ഞിമംഗലം പറഞ്ഞു. ഒരു കൈയില്‍ വടിയും മറുകൈയില്‍ ഭഗവത്ഗീതയുമായി നടന്നുനീങ്ങുന്ന രീതിയിലുള്ള ശില്പമാണ് രൂപപ്പെടുന്നത്.
ചിത്രന് കുഞ്ഞിമംഗലത്തിന്റെ വീട്ടില്‍ ആറുമാസത്തോളമായി നടക്കുന്ന ശില്പനിര്മാണം കാണാന്‍ നിരവധിപേരാണ് ദിവസവും എത്തുന്നത്. മുമ്പ് എ.കെ.ജി., ഇ.എം.എസ്., സഞ്ജയന്, കെ.കേളപ്പന്, ലാല്‍ ബഹദൂര്‍ശാസ്ത്രി തുടങ്ങിയവരുടെ പ്രതിമകള്‍ ചിത്രന് കുഞ്ഞിമംഗലം നിര്‍മിച്ചിട്ടുണ്ട്.
പാര്‍ലമെന്റില്‍ എ.കെ.ജി.യുടെ ശില്പം നിര്‍മിച്ച കുഞ്ഞിമംഗലം നാരായണന് മാസ്റ്ററുടെ മകനാണ് ചിത്രന്. ശില്പനിര്മാണത്തില് അച്ഛന്റെ പാതയില്‍ മുന്നേറുകയാണ് ചിത്രന്.